തിരുവനന്തപുരം> സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ പട്ടികവർഗ വിഭാഗത്തിലുള്ള തൊഴിലാളികൾക്ക് അധികതൊഴിൽ നൽകാനായെന്ന് മന്ത്രി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ നൽകുന്ന തൊഴിൽദിനങ്ങൾക്കു പുറമേ 15287 കുടുംബങ്ങൾക്ക് 358000 തൊഴിൽദിനങ്ങൾ അധികമായി നൽകിയതായും ഈ വർഷം പരമാവധി കുടുംബങ്ങൾക്ക് 200 തൊഴിൽദിനങ്ങൾ വരെ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 32-ാമത് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ കൂലിയിൽ കുടിശ്ശിക വരുത്താതെ ട്രൈബൽ പ്ലസ് പദ്ധതി നടപ്പിലാക്കാൻ തൊഴിലുറപ്പ്മിഷനും പട്ടികവർഗ വകുപ്പും അതീവ ശ്രദ്ധ ചെലുത്തണം. സംസ്ഥാന സർക്കാർ 10 കോടി രൂപ ട്രൈബൽ പ്ലസ് പദ്ധതിയുടെ ഒന്നാം ഗഡുവായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന് നൽകിയിട്ടുള്ളതായും അടുത്ത ഗഡുവായി 9.97 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ പട്ടികവർഗ തൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് അവബോധമുണ്ടാക്കി കൂടുതൽ പേർക്ക് തൊഴിലും കൂലിയും ലഭ്യമാക്കുവാൻ സാധിച്ച നടപടിക്ക് തുടർച്ചയുണ്ടാക്കും. കുടുംബശ്രീ സഹകരണത്തോടെ തൊഴിലുറപ്പ് മേറ്റ് തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധി സമ്പദ്വ്യവസ്ഥയ്ക്കും തൊഴിലിനും വലിയ ആഘാതമുണ്ടാക്കിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷം സൃഷ്ടിച്ച 10 കോടി 23 ലക്ഷം തൊഴിൽദിനങ്ങളിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുള്ള സാധ്യത സംസ്ഥാനത്ത് നിലനിൽക്കുണ്ടെന്നും ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ച 8 കോടി 36 ലക്ഷം തൊഴിൽ ദിനങ്ങളുടെ 95% വും സംസ്ഥാനം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഉടൻതന്നെ പുതുക്കിയ ലേബർ ബഡ്ജറ്റ് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.