ഗുരുവായൂർ: ഉത്സവത്തിന്റെ ഭാഗമായി പ്രസാദ ഊട്ടിനും ദേശപ്പകർച്ചയ്ക്കുളള ഭക്ഷണം തയ്യാറാക്കലിനുമായി ദേവസ്വം ടെൻഡർ ക്ഷണിച്ചതിലെ പരാമർശം വിവാദമായി. പിന്നാലെ ദേവസ്വം മന്ത്രി ഇടപെട്ട് ടെൻഡർ പിൻവലിപ്പിച്ചു. ടെൻഡറിൽ മുന്നോട്ടുവെച്ചിരുന്ന ചില നിബന്ധനകളാണ് വിമർശനത്തിനിടയാക്കിയത്. പാചകപ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം-എന്ന ഏഴാമത്തെ നിബന്ധന ചൂണ്ടിക്കാട്ടി സാംസ്കാരികപ്രവർത്തകരുൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായെത്തി. സാമൂഹികമാധ്യങ്ങളിലും ഇത് ചൂടുള്ള ചർച്ചയ്ക്കിടയാക്കി.
കാലങ്ങളായി ഈ രീതിയിൽത്തന്നെയാണ് ക്വട്ടേഷൻ ക്ഷണിക്കാറുള്ളതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പറഞ്ഞു. ഫെബ്രുവരി 14-നാണ് ഗുരുവായൂർ ഉത്സവം കൊടിയേറുന്നത്.
പരസ്യം റദ്ദാക്കാൻ നിർദേശം നൽകി -മന്ത്രി
മുൻകാലങ്ങളിലെ ക്വട്ടേഷൻ നോട്ടീസ് അതേപടി എടുത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. പകർച്ച വിതരണത്തിനും മറ്റ് ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം ശ്രദ്ധയിൽപ്പെട്ടയുടൻ റദ്ദാക്കാൻ കർശന നിർദേശം നൽകിയതായും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
Content Highlights: brahmins needed advertisement minister radhakrishnan intervened and canceled