കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറാത്തത് ശരിയല്ലെന്ന് ഹൈക്കോടതി. ഫോൺ നൽകാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഫയൽചെയ്ത ഉപഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഫോൺ നൽകിയാൽ തെളിവുകൾ കെട്ടിച്ചമയ്ക്കുമെന്ന് ഭയമുണ്ടെന്നും അതിനാൽ സ്വയം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. തന്റെ ഭാര്യയും അഭിഭാഷകരുമായുമൊക്കെ സംസാരിച്ച വിവരങ്ങൾ ഫോണിലുണ്ട്. അതിനാൽ ഫോൺ ആവശ്യപ്പെടുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കുമെന്നും വിശദീകരിച്ചു.
അങ്ങനെയെങ്കിൽ ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറൂ എന്ന നിർദേശം കോടതി മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാൻ ദിലീപിന്റെ അഭിഭാഷകൻ തയ്യാറായില്ല. അത് തെറ്റായ കീഴ്വഴക്കമാകും എന്നായിരുന്നു വാദം. കോടതിയെ വിശ്വാസമില്ലാത്തതിനാലാണോ കൈമാറാത്തതെന്ന് കോടതി വാക്കാൽ ചോദിച്ചു. ഫോൺ കൈമാറാൻ തയ്യാറായില്ലെങ്കിൽ മുൻകൂർ ജാമ്യഹർജി തള്ളാനാകുമെന്നും കോടതി വ്യക്തമാക്കി.
മൊബൈൽഫോൺ പിടിച്ചെടുക്കാനുള്ള എല്ലാ അധികാരവും ശേഷിയും ഉണ്ടെന്നും കോടതി നൽകിയ സംരക്ഷണം മാത്രമാണ് തടസ്സമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. ഇതോടെ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയെയും കേട്ടശേഷമേ തീരുമാനമെടുക്കാവൂ എന്ന ആവശ്യം ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ചു. തുടർന്ന് ഹർജി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
ഉപഹർജിയിലൂടെയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവരുടെ ഏഴ് ഫോണുകൾ കൈമാറാത്ത വിഷയം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഗൂഢാലോചനക്കേസിൽ ഡിജിറ്റൽ തെളിവാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അതില്ലാതെയുള്ള അന്വേഷണത്തിന് അർഥമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ദിലീപിനായി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ സ്ഥലത്തില്ലാത്തതിനാൽ വിശദവാദത്തിനായി ഹർജി തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യമാണ് എതിർഭാഗം ആദ്യം ഉന്നയിച്ചത്. എന്നാൽ, കോടതി ശനിയാഴ്ച ഇതിനായി പ്രത്യേക സിറ്റിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ബുധനാഴ്ചവരെ വിലക്കി.