അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പാർടി വിടുന്നു. പിസിസി മുൻ പ്രസിഡന്റുമാരും ‘രാഹുൽ ബ്രിഗേഡി’ലെ പ്രമുഖരും കൂറുമാറുന്നവരിലുണ്ട്. ഗോവയിൽ സ്ഥാനാര്ത്ഥികളെ കോണ്ഗ്രസ് വിടില്ലെന്ന് സത്യം ചെയ്യിപ്പിക്കേണ്ട ഗതികേടില്വരെയെത്തി കാര്യങ്ങള്.
ഉത്തർപ്രദേശ്
●ജനുവരി 10: മുതിർന്ന നേതാവ് ഇമ്രാൻ മസൂദ് എസ്പിയിൽ
●ജനുവരി 12: അവതാർ സിങ് ഭദാന ആർഎൽഡിയിൽ
●ജനുവരി 13: സൽമാൻ സെയ്ദ് ബിഎസ്പിയിൽ
●ജനുവരി 19: മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് പ്രിയങ്ക മൗര്യ ബിജെപിയിൽ. (തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ കോൺഗ്രസ് മുഖം)
●ജനുവരി 23: സ്ഥാനാർഥി പട്ടികയിലുള്ള ബറെയ്ലി മുൻ മേയർ സുപ്രിയ അറോറ എസ്പിയിൽ
സുപ്രിയയുടെ ഭർത്താവും ബറെയ്ലി മുൻ എംപിയുമായ പ്രവീൺ സിങ് അറോറ, മുൻ എംഎൽഎ രാജ മഹാവീർ സിങ്ങിന്റെ ഭാര്യ റിത സിങ് എന്നിവരും കോൺഗ്രസ് വിട്ടു.
●ജനുവരി 23: സോണിയയുടെ വിശ്വസ്ത അദിതി സിങ് റായ്ബറേലിയിൽ ബിജെപി സ്ഥാനാർഥിയായി
●ജനുവരി 25: പ്രവർത്തകസമിതി അംഗവും താരപ്രചാരകനുമായ മുൻ കേന്ദ് മന്ത്രി ആർ പി എൻ സിങ് ബിജെപിയിൽ. ‘രാഹുൽ ബ്രിഗേഡി’ലെ പ്രധാനി. മുതിർന്ന നേതാവും മുൻ എംപിയുമായ ആനന്ദ് പ്രകാശ് കോൺഗ്രസ് വിട്ടു
പഞ്ചാബ്
●ജനുവരി 14: മുൻമന്ത്രി ജോഗീന്ദർ സിങ് മാൻ എഎപിയിൽ
●ജനുവരി 15: എംഎൽഎ ഹർജോത് കമൽ ബിജെപിയിൽ
മണിപ്പുർ
●ജനുവരി 10: കോൺഗ്രസ് ഉപാധ്യക്ഷനും എംഎൽഎയുമായ ചൽട്ടോൺലിൻ അമോ ബിജെപിയിൽ
ഗോവ
●ജനുവരി 13: സംസ്ഥാന ജനറൽ സെക്രട്ടറി വിക്ടർ ഗോൺസാൽവസ് തൃണമൂലിൽ
●ജനുവരി 25: ജോസഫ് സെക്വീര ബിജെപിയിൽ
ഉത്തരാഖണ്ഡ്
●ജനുവരി 17: മഹിളാ കോൺഗ്രസ് അധ്യക്ഷ സരിത ആര്യ ബിജെപിയിൽ
●ജനുവരി 27: പിസിസി മുൻ പ്രസിഡന്റ് കിഷോർ ഉപാധ്യായ ബിജെപിയിൽ
തമ്മിലടി; റാവത്തിന്റെ
മണ്ഡലം മാറ്റി
കോൺഗ്രസിലെ രൂക്ഷമായ ഉൾപ്പോരിനെത്തുടർന്ന് ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആദ്യം പ്രഖ്യാപിച്ച മണ്ഡലത്തിൽനിന്ന് മാറ്റി. ലാൽക്കുവ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ഒടുവില് തീരുമാനം. 24ന് വന്ന രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ റാവത്തിന് രാംനഗർ സീറ്റായിരുന്നു. എന്നാൽ, പിസിസി വർക്കിങ് പ്രസിഡന്റ് രഞ്ജിത് റാവത്ത് ഇതിനെതിരെ രംഗത്തുവന്നു. രാംനഗർ നോട്ടമിട്ട രഞ്ജിത്തിന് സാൾട്ട് മണ്ഡലം നൽകിയതാണ് പ്രകോപിപ്പിച്ചത്.തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും രഞ്ജിത് പ്രതികരിച്ചതോടെ കോൺഗ്രസ് അപകടം മണത്തു. റാവത്ത് മുഖ്യമന്ത്രിയായിരിക്കെ രഞ്ജിത് ഉപദേഷ്ടാവായിരുന്നു. 2017ൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ ഇരുവരും അകന്നു.
റാവത്ത് ലാൽക്കുവയിൽ എത്തിയതോടെ ഇവിടെ സീറ്റ് മോഹിച്ച സന്ധ്യ ദലക്കോട്ടി നിരാശയിലായി. ആത്മാർഥതയുള്ള പ്രവർത്തകരെ കോൺഗ്രസ് അവഗണിക്കുകയാണെന്ന് അവർ ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. ഭാവി പരിപാടി ആലോചിച്ച് തീരുമാനിക്കുമെന്ന് സന്ധ്യ സഹപ്രവർത്തകരെ വിളിച്ചുകൂട്ടി അറിയിച്ചു.
അഖിലേഷിന്റെ ഹെലികോപ്റ്റർ ഡൽഹിയിൽ പിടിച്ചിട്ടു
ഉത്തർപ്രദേശിലെ മുസഫർനഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാനായി എത്തിയ സമാജ്വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ ഡൽഹി വിമാനത്താവളത്തിൽ അധികൃതർ മൂന്നുമണിക്കൂർ തടഞ്ഞിട്ടു. പകൽ 12.15ന് പുറപ്പെടേണ്ട കോപ്റ്റർ മൂന്നേകാലിനാണ് മുസഫർനഗറിലേക്കു പറന്നത്. യാത്ര വൈകിപ്പിച്ചത് ബിജെപിയാണെന്ന് അഖിലേഷ് ആരോപിച്ചു. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ബിജെപിയുടെ പരിഭ്രാന്തി നിറഞ്ഞ നീക്കമാണിതെന്ന് അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.
മുസഫർനഗറിൽ ആർഎൽഡി നേതാവ് ജയന്ത് ചൗധുരിയുമൊത്ത് അഖിലേഷിന്റെ വാർത്താസമ്മേളനം തീരുമാനിച്ചിരുന്നു. ജാട്ട് നേതാക്കളുമായി അമിത് ഷായും മറ്റു ബിജെപി നേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കുള്ള മറുപടി നീക്കമായാണ് വാർത്താസമ്മേളനം നിശ്ചയിച്ചത്. ലഖ്നൗവിൽനിന്ന് വിമാനത്തിൽ 11.45ന് അഖിലേഷ് ഡൽഹിയിലെത്തി. എന്നാൽ, മുസഫർനഗറിലേക്ക് തുടർയാത്രയ്ക്കുള്ള കോപ്റ്റർ പറക്കാൻ അനുമതി വൈകിപ്പിച്ചെന്നാണ് ആരോപണം. തന്നെ തടഞ്ഞുവച്ച സമയത്തു തന്നെ ഒരു ബിജെപി നേതാവ് ഹെലികോപ്റ്ററിൽ പറന്നതായും അഖിലേഷ് പറഞ്ഞു.
ട്വിറ്ററിൽ വിഷയം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ അഖിലേഷിന്റെ കോപ്റ്ററിന് പറക്കാൻ അനുമതി കിട്ടി. കോപ്റ്ററിൽ ഇന്ധനം നിറയ്ക്കേണ്ടിയിരുന്നെന്നും എയർട്രാഫിക് കൂടുതലായിരുന്നെന്നുമാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം.