മോസ്കോ
നാറ്റോ സഖ്യകക്ഷികള് പ്രചരിപ്പിക്കുന്നതുപോലെ ഉക്രയ്നെതിരെ ആക്രമണം നടത്താന് ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ. എന്നാല്, റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങളെ ചവിട്ടിമെതിക്കാൻ അമേരിക്കയെയും യൂറോപ്യന് യൂണിയനെയും അനുവദിക്കില്ലെന്നും വിദേശമന്ത്രി സെർജി ലാവ്റോവ് റഷ്യൻ റേഡിയോക്ക് നല്കിയ അഭിമുഖത്തില് പറഞ്ഞു. ഫെബ്രുവരിയില് റഷ്യ ഉക്രയ്നെ ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കിയതിനു പിന്നാലെയായിരുന്നു റഷ്യന് വിദേശമന്ത്രിയുടെ പ്രതികരണം. സുരക്ഷാ കാരണങ്ങളാല് ഉക്രയ്ന് അടക്കമുള്ള രാജ്യങ്ങളെ ഉള്പ്പെടുത്തി നാറ്റോ വിപുലീകരിക്കരുതെന്നും കിഴക്കൻ യൂറോപ്പില് വിന്യസിച്ചിരിക്കുന്ന സൈന്യത്തെയും ആയുധങ്ങളും പിന്വലിക്കണമെന്നുമുള്ള റഷ്യയുടെ ആവശ്യം കഴിഞ്ഞ ദിവസം നാറ്റോ ഔദ്യോഗികമായി നിരസിച്ചിരുന്നു.
റഷ്യയുടെ ആശങ്ക അമേരിക്ക നിരസിച്ചെങ്കിലും ചര്ച്ചയ്ക്കുള്ള സാധ്യത ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്ന് സെർജി ലാവ്റോവ് പറഞ്ഞു. നാറ്റോ നയതന്ത്ര ചര്ച്ചയ്ക്ക് തയ്യാറായാല് അത് സ്വാഗതാര്ഹമാണ്. എന്നാല്, ഉക്രയ്നെ സംരക്ഷിക്കാനെന്ന പേരില് റഷ്യയുടെ അതിര്ത്തിയില് സഖ്യം ആയുധങ്ങള് വിന്യസിക്കുന്നത് അംഗീകരിക്കാനാകില്ല. ഉപരോധമേര്പ്പെടുത്താനുള്ള നീക്കങ്ങള് ഉണ്ടായാല് ബന്ധം പൂർണമായും വിച്ഛേദിക്കുന്നതിനു തുല്യമാകുമെന്ന് റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ലാവ്റോവ് പറഞ്ഞു.