കണ്ണൂർ: കണ്ണൂരിൽ കോളേജുകളിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ്എഫ്ഐ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം. കൃഷ്ണമേനോൻ വനിതാ കോളേജ്, എസ്.എൻ കോളേജ് തുടങ്ങി നിരവധി കോളേജുകളിൽ വിദ്യാർഥികൾ സംഘം ചേർന്ന് ആഹ്ലാദപ്രകടനം നടത്തി.
നൂറിലധികം ആളുകളാണ് ഓരോ പ്രകടനത്തിലും പങ്കെടുത്തത്. കണ്ണൂർ കൃഷ്ണമേനോൻ വനിതാകോളേജിൽ വിദ്യാർഥിനികൾ ക്യാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് ആയിരുന്നു ഇന്ന്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്നലെ വൈകുന്നേരം നൽകിയ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല.
തിരഞ്ഞെടുപ്പിനെത്തുന്നവർ വോട്ട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓൺലൈൻ ആയിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കൂടാതെ ബി കാറ്റഗറിയിലുൾപ്പെട്ട കണ്ണൂർ ജില്ലയിൽ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂർ നഗരത്തിലുൾപ്പെടെ എസ്എഫ്ഐ പ്രവർത്തകർ ആഹ്ളാദപ്രകടനവും റാലിയും നടത്തിയത്.