തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്ത്തനങ്ങള് സജീവമാക്കാൻ സംസ്ഥാന തലത്തില് തദ്ദേശ സ്വയംഭരണ വാര് റൂം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കാനായി നോഡല് ഓഫീസര്മാരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കോവിഡും ഒമിക്രോണും വ്യാപിക്കുന്നതിന്റെ ഭാഗമായി ടിപിആര് നിരക്ക് ഉയര്ന്നിരിക്കയാണ്. അതിനാലാണ് വാര് റൂം പുനരുജ്ജീവിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്ത്തനം തടസപ്പെടുന്നില്ല എന്നും ഓക്സിജന് ബെഡുകള് ഉള്പ്പെടെയുള്ള സൗകര്യങ്ങള് നിലവിലുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഹോം ഐസൊലേഷനിലുള്ളവര്ക്ക് ഫലപ്രദമായ രീതിയില് നിര്ദേശങ്ങളും ഉപദേശങ്ങളും നല്കുന്നുണ്ട്. ഡിസിസികളുടെ പ്രവര്ത്തനങ്ങള് സജീവമാക്കുന്നുണ്ട്. ടെലിമെഡിസിനും ആംബുലന്സ് സൗകര്യവും ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോവുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ഓരോ തദ്ദേശ സ്ഥാപന പ്രദേശത്തും ഉറപ്പുവരുത്തുന്നതിനായും പ്രതിരോധ പ്രവര്ത്തനങ്ങളില് വീഴ്ച വരാതിരിക്കാനായും തദ്ദേശ സ്ഥാപന തലത്തിലും വാര് റൂമുകള് പുനരുജ്ജീവിപ്പിക്കാന് നിര്ദേശം നല്കിയതായും മന്ത്രി അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ആവശ്യമുള്ള ആളുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് നിയോഗിക്കാവുന്നതാണ്. ഇതിന് ആവശ്യമായ ചെലവ് തനത്/പദ്ധതി ഫണ്ടില് നിന്ന് കണ്ടെത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.