കോഴിക്കോട്: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവിൽ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവിൽ നിന്നും കണ്ടെത്തിയപ്പോൾ ബാക്കി നാല് പേരെ നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് ട്രെയിൻമാർഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു. കുട്ടികൾ നിലമ്പൂരിൽ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി പോലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേർന്നാണ് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ പെൺകുട്ടികളെ തടഞ്ഞുവെച്ചത്. മറ്റ് പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് സ്വകാര്യ ബസ്സിൽ കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ മറ്റൊരു പെൺകുട്ടിയെ മൈസൂരുവിൽ വെച്ച് കണ്ടെത്തിയത്. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടുമില്ല.
Content Highlights :Allgirls who were missingfrom Kozhikode childrens home were found