കോഴിക്കോട്: 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന് സമർപ്പിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് മാതൃഭൂമി ഹെഡ്ഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എം.പി സച്ചിദാനന്ദന് പുരസ്കാര ശിൽപ്പം സമ്മാനിച്ചു. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് എഡിറ്റർ പി.വി ചന്ദ്രൻ സമ്മാന തുകയും പ്രശസ്തി പത്രവും കൈമാറി. മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് എഡിറ്റർ പി.വി നിധീഷ് സച്ചിദാനന്ദനെ പൊന്നാടയണിയിച്ച് ആദരിച്ചു.സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ വി.രവിന്ദ്രനാഥ്,എക്സിക്യൂട്ടീവ് എഡിറ്റർ ഒ.ആർ.രാമചന്ദ്രൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ്എഡിറ്റർസുഭാഷ് ചന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ലോക കവിതയുടെ പല പല സംക്രമണ കാലങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മലയാള കവിതയെ നിരന്തരംനവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചിദാനന്ദനെന്ന് പ്രശസ്തി പത്രത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അര നൂറ്റാണ്ടായി സച്ചിദാനന്ദൻ കവിത എല്ലാ ജീവിത ഋതുക്കളിലും മലയാളിക്കൊപ്പമുണ്ട്. കാൽപ്പനികതയും ഭൂതകാല ഭംഗികളും പല ദേശ പല ഭാഷാ കവിതകളുടെ പാരാഗങ്ങളും ചൂടിക്കൊണ്ട് മോഹിനിയായി നിൽക്കുമ്പോൾ തന്നെ സച്ചിദാനന്ദൻ കവിത വർത്തമാന കാലത്തിന്റെ തീക്ഷണ യാഥാർഥ്യങ്ങളേയും ഉൾക്കൊള്ളുന്നുവെന്നും പ്രശസ്തി പത്രം ചൂണ്ടിക്കാട്ടി.
മലയാളം കൂട്ടി വായിക്കാൻ തുടങ്ങിയത് മുതൽ ഞാൻ മാതൃഭൂമി വാരികയുടേയും പത്രത്തിന്റേയും വായക്കാരനായിരുന്നിട്ടുണ്ടെന്ന് സച്ചിദാനന്ദൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആഴ്ചപതിപ്പിന്റെ ഒരു ലക്കം കിട്ടാതിരുന്നാൽ എന്തോ നഷ്ടപ്പെട്ട പോലെ തോന്നാറുണ്ടായിരുന്നു. അതിൽ വരുന്നതെല്ലാം വായിക്കുന്നത് കൊണ്ടല്ല, പക്ഷ ഇഷ്ടമുള്ള ഒരു കഥയോ കവിതയോ പ്രധാനമായ ഒരു ലേഖനമോ നിരൂപണമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ എന്ന് കരുതിയിട്ടാണ്. മലയാള സാഹിത്യത്തിന്റെ മിടിപ്പറിയാൻ എന്നെ സഹായിച്ച മുഖ്യധാരാ പ്രസിദ്ധീകരണം മാതൃഭൂമി വാരികയായിരുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.
Content Highlights:K Satchidanandan awarded Mathrubhumi Literary Award 2020