കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോൺ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ദിലീപ് ഫോൺ കൈമാറാത്തതിൽ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നൽകി. ഫോണുകൾ ഹൈക്കാടതി രജിസ്്ട്രാർ ജനറലിന് നൽകിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോൺ കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഫോൺ കൈമാറാത്തതിന്റെ കാരണങ്ങൾ ദിലീപിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകൾ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം. താൻ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുന്നുവെന്നും ദിലീപ് ആരോപിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
വധ ഗൂഡാലോചനക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് ഉപഹർജിയുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല, ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോൺ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെണ് എന്നീ കാര്യങ്ങൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോൺ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കണമെന്നും ഉപഹർജിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോൺ കൈമാറാൻ തയ്യാറാകാത്ത ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിലാണ് ഫോൺ കൈമാറണമെന്ന ഹൈക്കോടതി നിർദ്ദേശം. ദിലീപിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപ് എന്തുകൊണ്ട് ഫോൺ കൈമാറുന്നില്ല ? ഒരു കാര്യം അന്വേഷിക്കരുതെന്ന് പറയാൻ പ്രതിഭാഗത്തിന് അവകാശമില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ദിലീപ് എന്തിന് സ്വയം പരിശോധന നടത്തണമെന്നും ദിലീപിന് കോടതിയെ വിശ്വാസമില്ലേയെന്നും ജസ്റ്റിസ് പി. ഗോപിനാഥ് ആരാഞ്ഞു.
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നേരത്തെ ദിലീപിനോട് നിർദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നേരത്തെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇത്. ഈ സാഹചര്യത്തിൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണം സംഘം ആവശ്യപ്പെട്ടിട്ടും ദിലീപ് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. ഈ ഫോണുകൾ ഹാജരാക്കാൻ കോടതി തന്നെ നിർദ്ദേശിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് അഞ്ച് പ്രതികളും ഫോൺ മാറ്റിയിരിക്കുന്നത്. ഐ.എം.ഇ.ഐനമ്പർവെച്ചുള്ള പരിശോധനയിലാണ് ഫോണുകൾ മാറ്റിയ വിവരം വ്യക്തമായത്. മാറ്റിയ ഫോണുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുകയുള്ളൂ എന്നതാണ് പ്രോസിക്യൂഷന്റെ നിലപാട്.
അതേസമയം ഫോണിനുള്ളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ട്. അത് വിശ്വാസ്യതയോടെ കൈമാറണമെങ്കിൽ ശാസത്രീയ പരിശോധനക്ക് അയക്കേണ്ടതുണ്ട്. അതിനാലാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഫോണുകൾ അതിനുശേഷം കോടതിയിൽ ഹാജരാക്കാമെന്നാണ് ദിലീപിന്റെ നിലപാട്.
Content Highlights:Actor Dileeps phone should be handed over to the probe team-High Court