തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയ വിഷയത്തിൽ സിപിഐയുടെ എതിർപ്പ് തുടരുന്നു. 22 വർഷമായി നിലനിന്നിരുന്ന ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അത് മുന്നണിക്കുള്ളിൽ കൂടിയാലോചന നടത്തിയില്ലെന്നാണ് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ ആരോപണം. ആർക്കെങ്കിലും ഒരാൾക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതിൽ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. മുന്നണി സംവിധാനത്തിൽ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിഷയം നിയമസഭയിൽ കൊണ്ടുവരണമായിരുന്നു. നിയമസഭ പാസാക്കിയ ഒരു നിയമത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ അതിൽ എല്ലാ വിഭാഗം എംഎൽഎമാർക്കും അവരവരുടെ പാർട്ടിയുമായി ചർച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരമുണ്ടാകണമായിരുന്നു. ക്യാബിനറ്റിൽ പോലും ആവശ്യത്തിന് ചർച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്നാണ് സിപിഐയുടെ വ്യക്തമായ അഭിപ്രായമെന്നും പ്രകാശ് ബാബു പറഞ്ഞു.
നിയമസഭ സമ്മേളിക്കാത്ത സമയംഇത്തരത്തിലൊരു ഓർഡിനൻസ് പുറപ്പെടുവിച്ച് ഗവർണർക്ക് അയക്കുന്നതിൽ ഭരണഘടനാപരമായി തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്. ഓർഡിനൻസിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നാണ് സിപിഐ ചോദിക്കുന്നത്. 1996-2001 നിയമസഭ ഈ വിഷയം ചർച്ച ചെയ്താണ് നിയമം പാസാക്കിയത്. അതിന് ഭേദഗതി കൊണ്ടുവരുമ്പോൾ അതും നിയമസഭ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നാണ് സിപിഐ ആവർത്തിച്ച് അഭിപ്രായപ്പെടുന്നത്.
Content Highlights: CPIagainst Lokayukta ordinance by cabinet