വളാഞ്ചേരി (മലപ്പുറം)
ആതുരശുശ്രൂഷാ രംഗത്ത് പുതുചരിത്രം രചിക്കാനൊരുങ്ങി കാടാമ്പുഴ ഭഗവതി ദേവസ്വം. ആധുനിക സൗകര്യങ്ങളോടുകൂടിയ ധർമാശുപത്രിയും വൃക്കരോഗികൾക്കായി സൗജന്യ ഡയാലിസിസ് സെന്ററുമാണ് ഒരുക്കുന്നത്. അഞ്ചുകോടി രൂപ ചെലവിൽ വൃക്കയുടെ മാതൃകയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തരക്കല്ലിടല് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി നിർവഹിച്ചു. ആശുപത്രിയും അനുബന്ധ സൗകര്യങ്ങളുമായി മുപ്പത് കോടി രൂപയുടെ ബൃഹത് പദ്ധതിക്കാണ് ദേവസ്വം തുടക്കംകുറിക്കുന്നത്.
ദേവസ്വത്തിനുകീഴിലെ ധർമാശുപത്രിയിൽ 1988 മുതൽ സൗജന്യ വൈദ്യസഹായമുണ്ട്. ഈ സേവനം വിപുലപ്പെടുത്തിയാണ് ഡയാലിസിസ് കേന്ദ്രവും ആധുനിക ഡിസ്പെൻസറിയും നിർമിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നടത്തിയ സർവേയിൽ മുന്നൂറോളം വൃക്കരോഗികൾ ഉള്ളതായി കണ്ടെത്തി. തുടർന്നാണ് ഡയാലിസിസ് കേന്ദ്രം നിർമിക്കാൻ ദേവസ്വം തീരുമാനിച്ചത്.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. ദേവസ്വത്തിന് കീഴിലെ സ്ഥലത്ത് പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിൽ അന്തർദേശീയ നിലവാരത്തിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രമാണ് സ്ഥാപിക്കുക. 25 ഡയാലിസിസ് യന്ത്രം ഉൾക്കൊള്ളുന്ന യൂണിറ്റ്, ചാരിറ്റബിൾ ഡിസ്പെൻസറി, മിനി ഐസിയു, അന്തർദേശീയ നിലവാരത്തിലുള്ള ലബോറട്ടറി, സ്കാനിങ് സെന്റർ എന്നിവ സ്ഥാപിക്കും. മറ്റ് ആശുപത്രികളുമായി സഹകരിച്ച് നൂതന ചികിത്സാ പദ്ധതികളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. മലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർ എനർജി സംവിധാനം, കൂട്ടിരിപ്പുകാർക്ക് റീഡിങ്ങ് റൂം, പാർക്കിങ് സൗകര്യം എന്നിവയും പദ്ധതിയിലുണ്ട്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിലവിലെ ഡിസ്പെൻസറി അവിടേക്ക് മാറ്റും. രണ്ടാംഘട്ടം നേഫ്രോളജി വിഭാഗത്തിന് പ്രാധാന്യം നൽകി അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രിയും ഗവേഷണകേന്ദ്രവുമായി ഇതിനെ ഉയർത്തും.