നിലമ്പൂർ
രാജ്യം ആദരിച്ച ചോലനായ്ക്ക മൂപ്പൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരുളായി ഉൾവനത്തിൽ വാൾക്കെട്ട് മലയിൽ അധിവസിക്കുന്ന കരിമ്പുഴ മാതനാണ് (78) മരിച്ചത്. 2001ലെ റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ രാഷ്ട്രപതിയുടെ നിർദേശപ്രകാരം ഡൽഹിൽ അതിഥിയായി പങ്കെടുത്തയാളാണ് കരിമ്പുഴ മാതനും ഭാര്യ കരിക്കയും.
ബുധന് പകൽ 2.30ഓടെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ മൈലാടിപ്പൊട്ടിയിലേക്ക് റേഷൻ അരി വാങ്ങാൻ പോകവെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചാത്തൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചാത്തൻ വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തി. വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കൽ സംഘം എത്തി പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി സംസ്കരിച്ചു.