കൊച്ചി > കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ നിന്നാണ് 14 വയസുകാരിയെ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളേയും കസ്റ്റഡിയിലെടുത്തതായാണ് സൂചന. അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു.
ബംഗളൂരുവിലെ മടിവാളയില്‍ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഇവര്‍. പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ നേരത്തെ കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടൽ അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തടഞ്ഞുവെച്ചത്. പെണ്‍കുട്ടിയെ തടഞ്ഞുവെക്കുന്നതിന്റെും ബാക്കിയുള്ളവർ ഓടിരക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടൽ അധികൃതർ ഇവരെ മടിവാള പൊലീസിന് കൈമാറി. കേരള പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് ആറംഗ സംഘത്തെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു കാണാതായത്. വിവിധ ജില്ലകളിൽനിന്നുള്ള 17,16, 14 വയസ്സുള്ള കുട്ടികളാണിവർ. ഇതിൽ സഹോദരിമാർ ഉൾപ്പെടെയുള്ള അഞ്ച് പേർ കോഴിക്കോട് ജില്ലക്കാരും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. രണ്ട് ദിവസം മുമ്പാണ് സഹോദരിമാർ ചിൽഡ്രൻസ് ഹോമിലെത്തിയത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.
ചിൽഡ്രൻസ് ഹോമിലെ റിപ്പബ്ലിക് ദിനാഘോഷത്തിനുശേഷമാണ് കുട്ടികളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. പരിസരത്താക്കെ തിരഞ്ഞതിന് ശേഷം അധികൃതർ രാത്രി ഏഴോടെ ചേവായൂർ പൊലീസിൽ വിവരം അറിയിച്ചു. ചിൽഡ്രൻസ് ഹോമിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആറ് കുട്ടികളും ഒന്നിച്ച് പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. അടുക്കളഭാഗത്തെ മതിലിൽ ഏണിവച്ച് കയറിയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. ജെഡിടിക്ക് സമീപമുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരിൽനിന്ന് കുറച്ച് പണവും വാങ്ങിയിട്ടുണ്ട്. ഇവർക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
ബാലാവകാശ കമീഷൻ കേസെടുത്തു
ചിൽഡ്രൻസ് ഹോമിൽനിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തയെ തുടർന്ന് ചെയർമാൻ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണം ഊർജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാനം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശംനൽകി. പൊലീസിൽ അറിയിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ചിൽഡ്രൻസ് ഹോം അധികൃതരിൽനിന്ന് വിവരം തേടിയിട്ടുണ്ടെന്ന് കമീഷൻ അംഗം ബബിത പറഞ്ഞു.