തൃശ്ശൂർ> തൃശൂർ ഗവ മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ മാറി നൽകിയ സംഭവത്തിൽ രണ്ട് പേർക്ക് സസ്പെൻഷൻ. കോവിഡ് ബാധിച്ച് മരിച്ച ചേറ്റുവ കുണ്ടലിയൂർ മുത്തണ്ടശ്ശേരി സഹദേവൻ (89) ബന്ധുക്കൾക്ക് കുമ്പളങ്ങാട് അറങ്ങാശ്ശേരി സെബാസ്റ്റ്യന്റെ (58) മൃതദേഹമാണ് തെറ്റി നൽകിയത്. സംഭവത്തിൽ മൃതദേഹം വിട്ടു നൽകുന്നതിന് ചുമതലക്കാരായ രണ്ട് സെക്യൂരിറ്റി സൂപ്പർവൈസർമാരെയാണ് അന്വേഷണവിധേയമായി മെഡിക്കൽ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തത്.
കോവിഡ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മരിച്ച സഹദേവന്റെയും സെബാസ്റ്റ്യന്റെയും മൃതദേഹങ്ങൾ നിയമ നടപടികൾ പൂർത്തീകരിച്ച് ആശുപത്രിക്കുള്ളിലെ കൊൾഡ് റൂമിൽ സൂക്ഷിച്ചിരുന്നു. സഹദേവന്റെ ബന്ധുക്കൾ രാവിലെ പതിനൊന്നോടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ സെക്യൂരിറ്റി സൂപ്പർവൈസർമാർ സെബാസ്റ്റ്യന്റെ മൃതദേഹം തെറ്റായി നൽകുകയായിരുന്നു. വൈകീട്ട് മൂന്നോടെ സെബാസ്റ്റ്യന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് മൃതദേഹം മാറിയത് തിരിച്ചറിഞ്ഞത്.
തുടർന്ന് സഹദേവന്റെ വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും മൃതദേഹം ദഹിപ്പിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ എന്നിവർ സെബാസ്റ്റ്യന്റെ ബന്ധുക്കളെ കൂട്ടി മൃതദേഹം ദഹിപ്പിച്ച ചേറ്റുവ പൊതുശ്മശാനത്തിൽ എത്തി. സഹദേവന്റെ വീട്ടുകാരും പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് ചിതാഭസ്മം ശേഖരിച്ച് സെബാസ്റ്റ്യന്റെ ബന്ധുക്കൾ നൽകുകയായിരുന്നു. ഇവർ ചിതാഭസ്മം കുമ്പളങ്ങാട് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പിന്നീട് സഹദേവന്റെ ശരിയായ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു.