ബെംഗളൂരു: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. ബെംഗളൂരുവിലെ മഡിവാളയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ തടഞ്ഞുവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു.
പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ആറു കുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ മുതൽ കാണാതായിരുന്നത്. ഇതിൽ ഒരാളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ മഡിവാളയിൽ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ.
കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേർന്നാണ് പെൺകുട്ടിയെ തടഞ്ഞുവെച്ചത്. മറ്റ്പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കേരള പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം മഡിവാള പോലീസ് പെൺകുട്ടിയെ കേരള പോലീസിന് കൈമാറും.
മറ്റ് പെൺകുട്ടികൾ അധിക ദൂരം സഞ്ചരിക്കാൻ ഇടയില്ലെന്നും എത്രയും വേഗം തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം ചിൽഡ്രൻസ് ഹോമിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ്പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടുമില്ല.
Content Highlights:one out of six girls missing from childrens home kozhikode found from bengaluru