കോഴിക്കോട്: ഭൂപരിധി ചട്ടം ലംഘിച്ച് അധിക ഭൂമി കൈവശംവച്ചെന്ന പരാതിയിൽ രേഖകൾ ഹാജരാക്കാൻ പിവി അൻവറിനും കുടുംബത്തിനും താമരശ്ശേരി ലാൻഡ് ബോർഡ് കൂടുതൽ സമയം അനുവദിച്ചു. ഫെബ്രുവരി 15ന് നടക്കുന്ന സിറ്റിങ്ങിൽ രേഖകൾ ഹാജരാക്കണമെന്നാണ് നിർദേശം.
നേരത്തെ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് പിവി അൻവറിനും കുടുംബത്തിനും എതിരേ നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും ഇത് നടപ്പാക്കാത്ത സാഹചര്യത്തിൽ വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. മിച്ചഭൂമി കണ്ടുകെട്ടൽ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാത്തതിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ലാൻഡ് ബോർഡ് പിവി അൻവറിനോടും കുടുബത്തോടും ഹാജരാകാൻ പറഞ്ഞത്.
എന്നാൽ വിദേശത്തായതിനാൽ പിവി അൻവർ എംഎൽഎഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തേടുകയായിരുന്നു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലം തയ്യാറാക്കുമ്പോഴുണ്ടായ പിഴവാണ് ആശയക്കുഴപ്പിന് കാരണമെന്നും ഇത് ലാൻഡ് ബോർഡിനെ ബോധിപ്പിക്കുമെന്നും പിവി അൻവറിന്റെ അഭിഭാഷകനും ബന്ധുവും പറഞ്ഞു. എന്നാൽ സമയംനീട്ടി നൽകി സർക്കാർ എംഎൽഎയെ സഹായിക്കുകയാണെന്നാണ് പരാതിക്കാർ പറയുന്നത്.