തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരിക്കേറ്റു. പെരുമ്പാവൂർ സ്വദേശിയായ എം.എം. മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ടിക്കറ്റ് മെഷീൻ പൂർണമായും കത്തിനശിച്ചു.
തിരുവനന്തപുരം-സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് ബസിലെ മെഷീനാണ് പൊട്ടിത്തെറിച്ചത്. ബത്തേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് കീഴിലുള്ളതാണ് മെഷീൻ. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ജീവനക്കാരുടെ വിശ്രമമുറിയിൽവെച്ചായിരുന്നു സംഭവം.
മെഷീനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകും അപകടത്തിന് കാരണമായതെന്നാണ് സംശയം. മൈക്രോ എഫ്.എക്സ് എന്ന കമ്പനി നിർമിച്ചതാണ് മെഷീൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ കമ്പനിയുടെ മെഷീനുകൾ വാങ്ങിയതിൽ അഴിമതി ആരോപണം ഉയർന്നു. പൊതുമേഖലാകമ്പനിയ്ക്ക് പകരം സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലാണ് അഴിമതി ആരോപണം ഉയർന്നത്. മെഷീൻ പൊട്ടിത്തെറിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: KSRTCTicket machine exploded;Conductor Injured, KSRTC ordered probe