തിരുവനന്തപുരം> ഒമിക്രോൺ രോഗബാധയെ നിസാരമായി കാണരുതെന്നും സംസ്ഥാനത്ത് മൂന്നാം തരംഗം ഒമിക്രോൺ മൂലമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണ്. ആറുശതമാനം ഡെൽറ്റ വകഭേദം മൂലമെന്ന് പരിശോധനയിൽ വ്യക്തമായതായും മന്ത്രി പറഞ്ഞു.
ഐസിയു ഉപയോഗത്തിൽ രണ്ട് ശതമാനം കുറവുണ്ടായി. വെൻറിലേറ്ററിലും കുറവുണ്ടായി. കോവിഡ് വാർ റൂം പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെൽ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്.
കോവിഡ് രോഗികളിൽ 96.4 ശതമാനം വീട്ടിൽ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിൻറെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണമെന്നും മന്ത്രി അറിയിച്ചു.