“മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകൾ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്പിസി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ ആർമിയിൽ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യൻ ആർമിയിൽ. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എസ്പിസിയിൽ പ്രവർത്തിക്കാൻ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.” ഫാത്തിമ തെഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മതപരമായ വസ്ത്രം ധരിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എസ്പിസിയിൽ ഹിജാബ് അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് സേനയിലെ മതേതരത്വ നിരപാടുകൾക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും. കുറ്റ്യാടി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾ കൈ വസ്ത്രവും ധരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. ഹർജി തള്ളിയ ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണൻ സർക്കാരിനെ സമീപിക്കാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.