തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി നിയമമന്ത്രി പി രാജീവ്. ലോക്പാൽ പൂർണമായും സംസ്ഥാന സർക്കാരുകളും അധികാരമാണ്. നിയമം പറയുന്നത് തന്നെ അങ്ങനെയാണ്. ഇതൊന്നുമറിയാതെ ലോകായുക്ത വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നവർ 2013നു മുൻപ് ജീവിക്കുന്നവരാണെന്ന് മന്ത്രി പ്രതികരിച്ചു.
2013ലാണ് പാർലമെന്റ് ലോക്പാൽ ബിൽ പാസാക്കിയത്. അതിലെ പാർട്ട് മൂന്ന് എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണമെന്നാണ്. അത് സംസ്ഥാനത്തിന്റെ അധികാരമാണെന്ന് നിയമത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിൽ 2000ൽ ഭേദഗതി വരുത്തിയപ്പോൾ രാഷ്ട്രപതിയുടെ അനുമതി നേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലോകായുക്ത നിയമഭേദഗതിയിൽ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഗവർണറെ കണ്ടു. അടിസ്ഥാനരഹിതവും വസ്താവിരുദ്ധവുമായ മറുപടിയാണ് ഭേദഗതി സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്നലെ മന്ത്രി പി രാജീവ് നൽകിയത്. ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമമന്ത്രിയുടെ വാദം തന്നെ സുപ്രീം കോടതിയുടെ വിധിക്ക് എതിരാണ്. ഭേദഗതിക്ക് അനുമതി നൽകുന്നതിൽ നിയമപ്രശ്നങ്ങളുണ്ട്. ഇക്കാര്യങ്ങൾ ഗവർണറോട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Content Highlights :Minister P Rajeev on oppositions arguments on Lokayukta Ordinance