കൊച്ചി: 33 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടൻ ദിലീപിന്റെ ജാമ്യ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. അതേ സമയം ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് അടക്കമുള്ള പ്രതികളെ മൂന്ന് ദിവസങ്ങളിലായിക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇതിന്റെ റിപ്പോർട്ട് ഇന്ന് മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
2017 ലാണ് ഗൂഡാലോചന നടന്നതെന്നാണ് ആരോപണം. അന്ന് ഉപയോഗിച്ചിരുന്ന ഫോണുകൾ വധ ഗൂഢാലോചന കേസ് വന്നതിന് ശേഷംമാറ്റിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളോട് ഈ ഫോണുകൾ ബുധനാഴ്ച ഉച്ചക്ക് 2.30നകം ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ദിലീപ് അടക്കം ഫോൺ ഹാജാരാക്കിയിട്ടില്ല.
പകരം ഇത്തരത്തിൽ ഒരു കാര്യം ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ചിന് നിയമപരമായ ഒരു അധികാരവും ഇല്ലെന്നും ഗൂഡാലോചന നടന്ന കാലവും ഈ ഫോണുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രതികളുടെ വാദം. നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ ഫോണഉകൾ പിടിച്ചെടുക്കുകയും അതിന്റെ ഫോറൻസിക് പരിശോധനറിപ്പോർട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. അതിന് ശേഷം താൻ ഉപയോഗിച്ച ഫോണുകൾക്ക് കേസുമായി ബന്ധമില്ലെന്നാണ് ദിലീപിന്റെ വാദം.
അതേസമയം ദിലീപ് അഭിഭാഷകനായ ബി രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഉച്ചയോടെ രാമൻപിള്ളയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം കൂടിക്കാഴ്ച നീണ്ടു. ഫോൺ കൈമാറുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത് ഈ കൂടിക്കാഴ്ചക്ക് ശേഷമാണ്. അഞ്ച് ഫോണുകളാണ് ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടത്.
എന്നാൽ ദിലീപിന്റെ ഈ മറുപടിയെ ആയുധമാക്കി ശക്തമായി മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കസ്റ്റഡിയിൽ ചോദ്യം ചെയ്ത് ഈ ഫോണുകളടക്കം കണ്ടെത്തണം, ഫോണുകൾ മാറ്റിയതിൽ നിന്ന് തന്നെ ഗൂഡാലോചന വ്യക്തമാണ് തുടങ്ങിയ കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കും.
Content Highlights:actress abduction case bail plea in High Court