കൊച്ചി> മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടന്‍ ദിലീപിന്റെ മുൻകൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെ 33 മണിക്കൂർ ചോദ്യം ചെയ്‌തതിന്റെ വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമറപ്പിക്കും.ദിലീപിനെ കസ്‌റ്റഡിയിൽ വേണമെന്നും ആവശ്യപ്പെടും.
കേസിൽ ദിലിപിന്റെയും കൂട്ടുപ്രതികളായ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു എന്നിവരുടെ അറസ്‌റ്റ് ഇന്നവരെ ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മൂന്ന് ദിവസം അവരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിനെ അനുവദിച്ചിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. ഈ കേസിലാണ് മുൻകൂർ ജാമ്യം തേടുന്നത്.
സംവിധായകൻ പി ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്‌ത ദിലീപിന്റെയും കൂട്ടരുടെയും സംഭാഷണം റാഫി, അരുൺ ഗോപി എന്നിവരെ കേൾപ്പിച്ചു. ശബ്ദ സാമ്പിൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കുന്നതിന്റെ ഭാഗമാണിതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരെ പ്രത്യേകം ചോദ്യം ചെയ്‌തു. സാക്ഷികളെ സ്വാധീനിക്കാൻ ഇരുവരും ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പണമായും കായികമായും ഇടപെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയതിന്റെ സ്ഥിരീകരണത്തിനാണ് ചോദ്യം ചെയ്‌തത്. സുരാജിന്റെ വരുമാനസ്രോതസ്സും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അന്വേഷണത്തിന്റെ ഭാഗമായി സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ മാനേജർ, മറ്റ് രണ്ട് ജീവനക്കാർ എന്നിവരെ അന്വേഷകസംഘം ക്രൈംബ്രാഞ്ച് ഓഫീസിൽ വരുത്തി മൊഴിയെടുത്തിരുന്നു.