ചെറുതുരുത്തി: കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളിൽ പ്രമുഖയും കലാഗവേഷകയുമായ പത്മശ്രീ മിലേന സാൽവിനി (84) പാരിസിൽ അന്തരിച്ചു.1965-ൽ കഥകളി പഠിക്കാനായി ഫ്രാൻസിൽ നിന്ന് സ്കോളർഷിപ്പോടെ കലാമണ്ഡലത്തിൽ എത്തിയ മിലേന പിന്നീട് ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി.
മിലേനയുടെ ക്ഷണം സ്വീകരിച്ച് 1967-ൽ പതിനേഴംഗ കഥകളി സംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1975-ൽ മിലേനയും ജീവിതപങ്കാളി റോജർ ഫിലിപ്പ്സും ചേർന്ന് പാരീസിൽ മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികൾ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001-ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുത്തതിൽ മിലേനയുടെ പങ്ക് നിർണായകമാണ്. കഥകളിക്ക് നൽകിയ സംഭാവന പരിഗണിച്ച് 2019-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
മിലേനയുടെ വേർപാടിൽ പ്രധാനമന്തിര നരേന്ദ്ര മോദി ഉൾപ്പെടെ രാഷ്ട്രീയ, കലാരംഗത്തുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ സംസ്കാരത്തോടുള്ള അഭിനിവേശത്തിന്റെ പേരിൽ മിലേന സാൽവിനി ഓർമ്മിക്കപ്പെടും. ഫ്രാൻസിലുടനീളം കഥകളിയെ കൂടുതൽ ജനകീയമാക്കാൻ അവർ നിരവധി ശ്രമങ്ങൾ നടത്തി. അവരുടെ വിയോഗത്തിൽ ഞാൻ വ്യസനിക്കുന്നു. ആത്മാവിന് ശാന്തി ലഭിക്കട്ടെ. -പ്രധാനമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.
കലാമണ്ഡലത്തോട് ജീവിതകാലം മുഴുവൻ സൂക്ഷിച്ച ആത്മബന്ധം അനിർവചനീയവും എന്നും സ്മരിക്കേണ്ടതുമാണെന്ന് കലാമണ്ഡലം അധികൃതർ അറിയിച്ചു. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ ടികെ നാരായണനും ഭരണസമിതി അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി.
Ms. Milena Salvini will be remembered for her passion towards Indian culture. She made numerous efforts to further popularise Kathakali across France. I am anguished by her passing away. My thoughts are with her family and well-wishers. May her soul rest in peace.
— Narendra Modi (@narendramodi) January 26, 2022
Content Highlights: Noted Kathakali Dancer & Padma Shri Recipient Milena Salvini Of France Passes Away