കാസർകോട്: ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ പോലീസ് മേധാവിയെയും എ.ഡി.എമ്മിനെയും വിളിച്ചുവരുത്തിയ ശേഷമാണ് അന്വേഷണം നടത്താൻ മന്ത്രി ആവശ്യപ്പെട്ടത്. സംഭവത്തിൽ റവന്യൂ വകുപ്പും പോലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.
സംഭവം വിവാദമായതോടെയാണ് കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയ ശേഷം മന്ത്രി ജില്ലാ പോലീസ് മേധാവിയെയും എ.ഡി.എമ്മിനെയും വിളിച്ചുവരുത്തിയത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ ആരാണെന്നറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു. അതേസമയം, ദേശീയ പതാക ഉയർത്തേണ്ടതുമായി ബന്ധപ്പെട്ട നടപടികൾ പോലീസാണ് ചെയ്യേണ്ടതെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ ചടങ്ങിലെ സുരക്ഷാനടപടികൾ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും മറ്റുചുമതലകൾ വഹിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും പോലീസും പറയുന്നു.
Content Highlights:republic day flag hoisting controversy in kasargod minister ahamed devarkovil ordered probe