പാലക്കാട്: അട്ടപ്പാടി മധു കൊലപാതകക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടും.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടർന്ന് ഒടുവിൽ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓൺലൈൻ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഇതോടെ കേസ് മാർച്ച് 26ലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇപ്പോൾ പ്രതികരണം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ നവംബർ 15-ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാൽ 25-നും പ്രോസിക്യൂട്ടർ കോടതിയിൽ എത്തിയില്ല.
നേരത്തെയും മധു കേസ് പരിഗണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മർദം ചെലുത്താനും തങ്ങൾക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.
2018 ഫെബ്രുവരി 22-നാണ് ആദിവാസിയുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചർച്ചയായെങ്കിലും കേസിന്റെ നടത്തിപ്പിൽ ബന്ധപ്പെട്ടവർ ശ്രദ്ധചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.
പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി.രഘുനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ, ഒരിക്കൽപോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ മാത്രമാണ് കോടതിയിൽ വന്നത്. എന്നാൽ കേസിലെ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞെന്ന് താൻ കത്ത് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം. അതേസമയം, ഡി.ജി.പി. ഓഫീസിൽനിന്ന് അദ്ദേഹത്തോട് തന്നെ കേസിന്റെ പ്രോസിക്യൂട്ടറായി തുടരാൻ ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്.
Content Highlights:attappadi madhu murder case new special prosecutor will be appointed