തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.
ഐസിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്നു ശതമാനത്തോളം ആളുകൾ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. 20-30 വയസ്സിന് ഇടയിലാണ് രോഗം വ്യാപിക്കുന്നത്.
പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ സംവിധാനങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തും. എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും കൺട്രോൾ റൂം തുറക്കും. ആരോഗ്യപ്രവർത്തകരിലെ രോഗവ്യാപനം വെല്ലുവിളിയാണ്. അത് മറികടക്കാൻ കോവിഡ് ബ്രിഗേഡ് പോലെ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കും.4917 ജീവനക്കാരെയാണ് വിവിധ തലങ്ങളിൽ നിയമിക്കുക
സി കാറ്റഗറിയിലുള്ള തിരുവനന്തുപുരവുമായി ബന്ധപ്പെട്ട പ്രത്യേക അവലോകന യോഗം നടത്തി. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. 50% ഐസിയു മാത്രമാണ് ബാക്കിയുള്ളത്. ഇതിനാലാണ് സി കാറ്റഗറിയിലേക്ക് മാറ്റിയത്. ആ കാറ്റഗറിയിൽപെട്ട നിയന്ത്രണങ്ങൾ തിരുവനന്തപുരത്ത് തുടരും. അതിൽ മാറ്റമുണ്ടാകില്ല. ബാർ, ഷോപ്പിങ് മാൾ എന്നിവിടങ്ങിലെ ആൾക്കൂട്ടം നിയന്ത്രണം കർശനമാക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്ന് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വീണ ജോർജ്ജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം സ്കൂൾ കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക കാമ്പയിൻ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Health Minister Veena George Covid Updation