തിരുവനന്തപുരം> വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന് കേന്ദ്രസര്ക്കാരിനോട് അഭ്യര്ത്ഥിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദ്രൻ. വേദന സംഹാരിയായി വ്യാപകമായി ഉപയോഗിക്കുന്ന Tydol 50 mg, 100 mg എന്നീ മരുന്നുകള് ‘Schedule Drug of NDPS and Cosmetic Rules Act 1985’ ന്റെ പരിധിയില് കൊണ്ട് വരാനുള്ള നടപടികള് സ്വീകരിക്കാനും അതിനാവശ്യമായ ഭേദഗതികൾ വരുത്താനുമാണ് മന്ത്രി അഭ്യർത്ഥിച്ചത്.
ടൈഡോള് ഗുളികകള് ഷെഡ്യൂള് എച്ച് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് റൂള്സ് 1945ന്റെ പരിധിയില് വരുന്നതിനാല് ഉറക്കമരുന്നായി മെഡിക്കല് സ്റ്റോറുകള് മുഖേന വിറ്റഴിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും ഇവ സുലഭമായി ലഭ്യമാണ്. വേദനാസംഹാഹരിയായ Tapentadol ആണ് ഇതില് അടങ്ങിയിരിക്കുന്ന രാസഘടകം. ഇത് ദുരുപയോഗം ചെയ്യുന്നത് ആസക്തിക്ക് കാരണമാകുന്നുണ്ട്. യുവജനങ്ങള് ലഹരിക്ക് വേണ്ടി ഈ മരുന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ മരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ മരുന്നിന്റെ നിരന്തരവും കൂടിയ അളവിലുമുള്ള ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കും. തീവ്രമായ മയക്കത്തിനും ശ്വാസതടസത്തിനും ദീര്ഘ അബോധാവസ്ഥയ്ക്കും മരണത്തിനും വരെ ഇത് കാരണമാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് മന്ത്രി അറിയിച്ചു.