കൊച്ചി> ലോകായുക്താ ഓർഡിനൻസ് ഭരണഘടനാനുസൃതമായാണെന്ന് നിയമ മന്ത്രി പി. രാജീവ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ് കേരളത്തിനകത്തുള്ളത്. അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുള്ള അഡ്വ. ജനറലിന്റെ നിയമോപദേശം കൂടി പരിഗണിച്ചാണ് പുതിയ നിയമനിർമ്മാണമെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട നിർദേശം വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് മന്ത്രിയേയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള ലോകായുക്തക്ക് അധികാരം നൽകുന്ന വകുപ്പ് മാത്രമാണ് ഭേദഗതി ചെയ്യുന്നത്. മന്ത്രിമാരെ നിയമിക്കാനും, പുറത്താക്കാനും ഗവർണറുടെ അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ് വകുപ്പ് എന്നാണ് അഡ്വ. ജനറൽ പറഞ്ഞത്.
ഗവർണറുടെ ഭരണഘടന അധികാരത്തിലേക്കുള്ള കടന്ന് കയറ്റം ആണ് ലോകായുക്ത നിയമത്തിൻറെ 14 വകുപ്പ് എന്ന തിരിച്ചറിവാണ് ഭേഭഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. ലോകായുക്തക്ക് അമിതാധിരം നൽകുന്ന പ്രസ്തുത വകുപ്പിനെതിരെ 2017 ലും, 2020 ലും ഹൈക്കോടതി തന്നെ വിധി പുറപ്പെടുവിച്ചതാണെന്നും ഇത് കൂടി കണക്കിലെടുത്താണ് നിയമം ഓർഡിനൻസിലൂടെ സർക്കാർ ഭേഭഗതി ചെയ്യുന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.