നിലവിൽ ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കൂടാതെ കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
ഹൈക്കോടതി വിധി വെള്ളാപ്പള്ളി നടേശനും സംഘത്തിനും കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. പ്രാധിനിത്യ വോട്ടവകാശം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. 200 അംഗങ്ങളുള്ള ഒരു യൂണിറ്റിന് ഒരു വോട്ട് എന്നതായിരുന്നു രീതി. ഇത്തരത്തിൽ പതിനായിരത്തോളം വോട്ടാണ് ഉണ്ടായിരുന്നത്. ഇതാണ് ചോദ്യം ചെയ്യപ്പെട്ടത്.
വിധിയെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. 25 കൊല്ലമായി താൻ തെരഞ്ഞെടുക്കപ്പെടുന്നത് പ്രാധിനിത്യ തെരഞ്ഞെടുപ്പ് പ്രകാരമാണ്. ഇത് എത്രയോ കാലമായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയിലാണ് മുന്നോട്ടു പോകുന്നത്. കൂടുതൽ പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞതായി റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.