കൊച്ചി> അര്‍ധരാത്രി സിറ്റിങ് നടത്തി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലുടെ ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞു. വെള്ളത്തിന്റെ പണം നൽകാതെ തീരം വിടാൻ നോക്കിയ കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യന്‍ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയാണ് ഹൈക്കോടതി തടഞ്ഞത്.
കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് അര്‍ധരാത്രി സിറ്റിങ് നടത്തി ഉത്തരവ് നൽകുന്നത്. കപ്പലിന് വെള്ളം നല്‍കിയ സ്വകാര്യ കമ്പനിക്ക് രണ്ടരകോടി രൂപയാണ് നല്‍കാനുണ്ടായിരുന്നത്. ഈ പണം നല്‍കാതെ ഇന്ന് രാവിലെ തുറമുഖം വിടാനായിരുന്നു കപ്പൽ അധികൃതരുടെ നീക്കം. വെള്ളം നല്‍കിയ കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ അര്‍ധരാത്രിതന്നെ സിറ്റിങ് നടത്താൻ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു. കപ്പല്‍ കൊച്ചി തുറമുഖം വിട്ടാല്‍ ഈ തുക തങ്ങള്‍ക്ക് തിരികെ ലഭിക്കുക സാധ്യമല്ല എന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു.
രണ്ടരക്കോടി രൂപ രണ്ടാഴ്ചക്കകം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതേസമയം രണ്ടാഴ്ചക്കകം ഈ തുക ലഭിച്ചില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യുന്നതിനുള്ള നടപടിയിലേക്ക് ഹര്‍ജിക്കാരന് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ പണം നല്‍കാതെകപ്പലിന് തീരം വിടാന്‍ സാധിക്കുകയില്ല.