കണ്ണൂർ: വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ സിപിഎമ്മിൽ ചേർന്നു. പാർട്ടി കോൺഗ്രസ് സംഘാടക സമിതി ഏരിയ വൈസ് പ്രസിഡന്റ് ആണ് സുരേഷ്. പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ സിപിഎമ്മിനെതിരെ സമരം ചെയ്ത് ദേശീയ ശ്രദ്ധ വരെ നേടിയ വ്യക്തിയാണ് സുരേഷ് കീഴാറ്റൂർ.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നടപ്പാക്കിയ ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെൽവയലുകളും തണ്ണീർതടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരമെന്നും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്നും സുരേഷ് കീഴാറ്റൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രത്യയശാസ്ത്രപരമായി സിപിഎം ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്ക് എതിരായിരുന്നില്ല. അതിനാൽ തന്നെ സിപിഎം രാഷ്ട്രീയത്തിൽ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ആശങ്കകൾ മാത്രമായിരുന്നു സമരത്തിലൂടെ ഉയർത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിലുപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചുവെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.
ഒരിക്കലും വികസനത്തിന് എതിരല്ല. ദേശീയപാത വികസനവും കെ-റെയിൽ പോലെയുള്ള പദ്ധതതികളും നാടിന് ആവശ്യമാണ്. വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് കീഴാറ്റൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights:vayalkili leader suresh keezhattoor joins hands with cpm