യോണ്ടെ
മൂന്നുവട്ടം ചാമ്പ്യൻമാരായ നൈജീരിയ, ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽനിന്ന് പുറത്തായി. പ്രീ ക്വാർട്ടറിൽ ടുണീഷ്യ ഒറ്റഗോളിന് നൈജീരിയയെ വീഴ്ത്തി. ക്വാർട്ടറിൽ ബുർകിന ഫാസോയാണ് ടുണീഷ്യയുടെ എതിരാളി. ഗാബോണിനെ ഷൂട്ടൗട്ടിൽ 7–-6ന് തോൽപ്പിച്ചാണ് ബുർകിന അവസാന എട്ടിലിടംകണ്ടെത്തിയത്.
ഇന്ന് സെനെഗൽ കേപ് വെർദെയെയും മൊറോക്കോ മലാവിയെയും നേരിടും. 2014ലെ ജേതാക്കളായ ടുണീഷ്യ വിയർത്താണ് പ്രീ ക്വാർട്ടറിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു കളി തോറ്റു. മികച്ച മൂന്നാംസ്ഥാനക്കാരെന്ന ആനുകൂല്യത്തോടെയാണ് മുന്നേറിയത്. നൈജീരിയക്കെതിരായ മത്സരത്തിനുമുമ്പ് കോവിഡ് തളർത്തി. അഞ്ചോളം കളിക്കാർ പുറത്തിരുന്നു. പരിശീലകൻ മൊഹ്ദെർ കെബെയ്റും ഉണ്ടായില്ല.
എന്നാൽ, കളത്തിൽ ഇതൊന്നും ബാധിച്ചില്ല. 47–-ാംമിനിറ്റിൽ യൂസഫ് സാകിനിയിലൂടെ അവർ മുന്നിലെത്തി. പിന്നെ വിട്ടുകൊടുത്തില്ല. പിന്നാലെ അലെക്സ് ഇയോബി ചുവപ്പുകാർഡ് കണ്ട് മടങ്ങിയത് നൈജീരിയക്ക് തിരിച്ചടിയായി. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 1–-1ന് പിരിഞ്ഞപ്പോഴാണ് ഗാബോൺ–-ബുർകിന പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.