തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് താത്ക്കാലിക വിരാമം. വിവാദങ്ങൾ അവസാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ പദവി നിർവ്വഹിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.
അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലാണ് പ്രശ്നം പരിഹരിച്ചത്. നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ആദ്യ മൂന്നു കത്തു ലഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തുടക്കത്തിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടർന്ന് സർക്കാരിനെതിരേ പരസ്യവിമർശനവും നടത്തി. ഇതിനിടയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് പോരിന്റെ ശക്തി കൂട്ടി.
കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് പരിഹസിച്ചും ഗവർണർ രംഗത്തെത്തി. എന്തുകൊണ്ട് ഡിലിറ്റ് നിഷേധിച്ചു എന്നു വ്യക്തമാക്കുന്ന വിസിയുടെ വിശദീകരണക്കുറിപ്പാണ് ഗവർണറെ ക്ഷുഭിതനാക്കിയത്. ചട്ടങ്ങൾ മറികടന്ന് കണ്ണൂർ സർവകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും സ്ഥിതി കൂടുതൽ വഷളാക്കി.
തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. അതോടെ ഗവർണർക്ക് ഫയൽ അയക്കുന്നത് സർക്കാർ നിർത്തിവെച്ചു. ഇപ്പോൾ സംഘർഷം അവസാനിച്ചതോടെ വീണ്ടും ഫയൽ അയച്ചുതുടങ്ങുകയായിരുന്നു.
Content Highlights: after controversies with kerala gov governor started working as chancellor