തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി തിയേറ്ററുകൾ അടയ്ക്കാനുള്ള തീരുമാനത്തിനെതിരേ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. നീതീകരിക്കാനാകാത്ത തീരുമാനമാണ് ഇതെന്നും മാളുകളും ബാറുകളും പ്രവർത്തിക്കുമ്പോൾ വൈറസ് തിയേറ്ററിൽ മാത്രം കയറും എന്നത് എന്ത് യുക്തിയാണെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പ്രതികരിച്ചു.
ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തിരുവനന്തപുരത്തെ സി കാറ്റഗറിയിലേക്ക് മാറ്റിയത്. ഈ കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ഇതോടെ തലസ്ഥാനത്ത് സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികൾ ഒന്നും അനുവദിക്കില്ല.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ. ജിമ്മുകൾ, സിനിമാ തിയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനൽ സെമസ്റ്റർ, പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓൺലൈനിലേക്ക് മാറ്റും.
Content Highlights: fiok against covid restrictions at trivandrum