തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളിൽ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാൻ പ്രത്യേക സംഘം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരിൽ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ പണി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഏല്ലാ അറ്റകുറ്റപ്പണികളും ഈ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പൊതുമരാമത്ത് വകുപ്പിൽ
റോഡ് അറ്റകുറ്റപ്പണി പരിശോധിക്കുവാൻ
പ്രത്യേക ടീം..
കോവിഡും കാലവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ പൂർണ്ണ തോതിൽ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡുകളിലെ അറ്റകുറ്റപ്പണികൾ കാര്യമായി പുരോഗമിക്കുകയാണ്.
എന്നാൽ ചില റോഡുകളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പരിശോധന നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് സമഗ്രമായി പരിശോധിക്കുവാൻ ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ റോഡ് അറ്റകുറ്റപ്പണികൾ ഇനി മുതൽ ഈ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും.
#നമുക്കൊരുവഴിയുണ്ടാക്കാം
Content Highlights: muhammed riyas fb post