ചങ്ങനാശ്ശേരി: കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളേജുകളിൽ കോവിഡ് നിയന്ത്രണവിധേയമാകുന്നതുവരെ പരീക്ഷകൾ മാറ്റിവെക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. കോളേജുകൾ അടച്ചിട്ടും അധ്യാപനം തടസ്സപ്പെടാതെ ഓൺലൈൻ ക്ലാസ്സുകൾ ക്രമീകരിച്ചും പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാവണം.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിക്കൊണ്ട് കോളേജുകളിൽ ക്ലാസ്സുകളും പരീക്ഷകളും നടത്തുകയാണ്. കോളേജിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണെന്ന കാര്യവും മറച്ചുവെക്കാനാവില്ല. പരീക്ഷ മേൽനോട്ടത്തിന് ആവശ്യമായ അധ്യാപകർ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്താലും പരീക്ഷകൾ മാറ്റി വയ്ക്കാനോ കോളേജ് അടച്ചിടുവാനോ അധികാരികൾ തയ്യാറാകുന്നില്ല. ഇതിനെല്ലാമുപരി കോളേജുകളിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് അനുമതിയും നൽകിയിരിക്കുകയാണ്. സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അവർ നിസ്സംഗത പുലർത്തുന്നത് ഭയാശങ്കകളോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡും കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച ഒമൈക്രോണും ഭീതി പരത്തിക്കൊണ്ട് സമൂഹത്തിൽ വ്യാപിക്കുകയാണ്. സർക്കാർ കണക്ക്പ്രകാരം കഴിഞ്ഞദിവസം 44.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരവും നിരുത്തരവാദപരവുമായ അനാസ്ഥയാണ് ഇതിനു കാരണമെന്ന് പറഞ്ഞാൽ അതിൽ തെറ്റുപറയാനാവില്ലെന്നും ജി.സുകുമാരൻനായർ വ്യക്തമാക്കി.
Content Highlights:g sukumaran nair on colleges becoming covid clusters