കൊച്ചി> കേരളത്തിലെ വ്യവസായാനുകൂല അന്തരീക്ഷത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ചില ഉദ്യോഗസ്ഥർ മനോഭാവത്തിലും പ്രവർത്തനത്തിലും ഇനിയും മാറാനുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശന മേള ‘മെഷിനറി എക്സ്പോ – 2022′ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരും മാറി ചിന്തിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചാൽ മാത്രമേ സംസ്ഥാനത്തിനും ഗുണകരമാകൂ. സംസ്ഥാനത്തിന് കൂടുതൽ വരുമാനത്തിനും ഇത് ഉപകരിക്കും. സർക്കാരിന് ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പിലാക്കണമെങ്കിൽ വരുമാനം കൂടുതൽ ലഭിക്കണം. സംരംഭങ്ങൾ കൂടുതൽ ആരംഭിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെയും എല്ലാ വകുപ്പുകളുടേയം പൊതു സമൂഹത്തിന്റെയും പിന്തുണ വേണം. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളുമായി ചർച്ച തുടരുകയാണ്. അതോടൊപ്പം ബാങ്കേഴ്ന് യോഗവും ചേർന്നു. ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. ഒരു വർഷത്തിനകം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.
സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും നടത്തുന്നവർക്കും പുതിയ സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളുടെ പ്രവർത്തനവും ലഭ്യമാക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സംരംഭകർക്ക് പുതിയ അറിവുകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രദർശനം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. എക്സ്പോ ഡയറക്ടറിയുടെ പ്രകാശനം ഹൈബി ഈഡൻ എം പി നിർവഹിച്ചു. ടി.ജെ വിനോദ് എം എൽ എ വിശിഷ്ടാതിഥിയായിരുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ ജാഫർ മാലിക്, കൗൺസിലർ ദീപ്തി മേരി വർഗീസ്, എംഎസ്എംഇ ജോയിൻ്റ് ഡയറക്ടർ ജി.എസ് പ്രകാശ്, ഫിക്കി കോ ചെയർമാൻ ദീപക് അസ്വാനി, ചെറുകിട വ്യവസായ അസോസിയേഷ ൻ പ്രസിഡൻറ് എം. ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.സുധീർ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകർക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക ഭക്ഷ്യസംസ്കരണം, ജനറൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയിൽ പ്രദർശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകളാണു മേളയിൽ ഒരുക്കുന്നത്.