മേൽ മണ്ണ് സംരക്ഷിച്ച് ഉപയോഗിക്കും
സ്റ്റേഷനുകളിൽ ഐലന്റ് പ്ലാറ്റ്ഫോം
തിരുവനന്തപുരം
സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിനും വിശദപദ്ധതിരേഖ(ഡിപിആർ)യിൽ നിർദേശങ്ങൾ. പരിസ്ഥിതി ലോല പ്രദേശങ്ങളും വനവും കായൽ പ്രദേശങ്ങളും പൂർണമായും ഒഴിവാക്കി. വയലുകളിൽ ബഹുഭൂരിഭാഗവും തൂണുകളിലാണ് പാത ഒരുക്കുക. സ്റ്റേഷനുകൾക്കും ഡിപ്പോകൾക്കും ചിലയിടങ്ങൾ നികത്തേണ്ടി വരും. ഇതിന് പകരമായി വയൽ സംരക്ഷണത്തിന് വിവിധ പദ്ധതികളാണ് കെ റെയിൽ മുന്നോട്ടുവച്ചിട്ടുള്ളത്.
ആകെ വേണ്ട സ്ഥലത്തിന്റെ 18 ശതമാനമാണ് (253 ഹെക്ടർ ) വയലുള്ളത്. സംസ്ഥാന സർക്കാരിന്റെ വയൽസംരക്ഷണ പദ്ധതിയിൽ കെ റെയിൽ മുതൽ മുടക്കി തരിശ് സ്ഥലങ്ങൾ നെൽക്കൃഷിക്ക് അനുയോജ്യമാക്കും. ആദ്യ ഘട്ടത്തിൽ 10 ഹെക്ടറിൽ നെൽക്കൃഷി സാധ്യമാക്കും. നിർമാണത്തിനു ശേഷം സമീപമുള്ള വയൽ പൂർവസ്ഥിതിയിലാക്കി 30 ഹെക്ടർ കൃഷിക്ക് പാകത്തിനാക്കും.
കൊച്ചുവേളി, കൊല്ലം സ്റ്റേഷനുകളിൽ ഐലന്റ് പ്ലാറ്റ്ഫോമുകളായിരിക്കും. നടുക്ക് രണ്ട് പ്ലാറ്റ്ഫോമും ഇരുവശത്തുമായി പാതകളും. സ്ഥല ലാഭത്തിനാണിത്. കോട്ടയം, തൃശൂർ സ്റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ടുള്ള പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളിൽ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ പകരം സംവിധാനം നിർദേശിക്കുന്നു.
മരം മുറിക്കേണ്ടി വരുമ്പോൾ ഒരു മരത്തിന് പത്തുമരം എന്ന നിലയിൽ വനവൽക്കരണം നടത്തും. സ്റ്റേഷനുകൾ ഹരിത സൗഹൃദമാക്കുന്നതിനും ഇത് സഹായിക്കും. നിർമാണം നടത്തുമ്പോൾത്തന്നെ ഫലഭൂയിഷ്ഠമായ മേൽമണ്ണ് മാറ്റി സംരക്ഷിക്കും. ഈ മണ്ണ് പിന്നീട് പുല്ല്, ചെടികൾ, വൃക്ഷങ്ങൾ തുടങ്ങിയവ വയ്ക്കാൻ ഉപയോഗിക്കുമെന്നും ഡിപിആറിൽ പറയുന്നു.