നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനുമൊപ്പം നിഴൽ എന്ന സിനിമയിൽ അഭിനയിച്ച ആദ്യ പ്രസാദ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘കർണൻ നെപ്പോളിയൻ ഭഗത്സിംഗി’ൽ നായികയായി അരങ്ങേറുകയാണ്
നയൻതാരയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായ “നിഴൽ’ എന്ന ചിത്രത്തിലൂടെയാണ് ആദ്യ പ്രസാദ് ശ്രദ്ധിക്കപ്പെടുന്നത്. നിതിൻ എന്ന കുട്ടിക്കൊപ്പമുള്ള മേഘ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പരസ്യചിത്രങ്ങളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും തിളങ്ങിയ ആദ്യ പ്രസാദ് നായികയായ “കർണൻ നെപ്പോളിയൻ ഭഗത്സിംഗ്’ ജനുവരി 28ന് തിയറ്ററിലെത്തുകയാണ്. കായംകുളം സ്വദേശിനിയായ ആദ്യ പ്രസാദ് സിനിമയുടെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
വഴിതുറന്നത് പരസ്യം
കേരള മാട്രിമോണിയുടെ പരസ്യചിത്രത്തിൽനിന്നാണ് “കർണൻ നെപ്പോളിയൻ ഭഗത്സിംഗി’ലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സംവിധായകൻ ശരത് ജി മോഹൻ കഥാപാത്രത്തെക്കുറിച്ച് വിവരിച്ചപ്പോൾത്തന്നെ ഇഷ്ടപ്പെട്ടു.നിഴലും ഒരു തമിഴ് സിനിമയും പുറത്തിറങ്ങിയെങ്കിലും ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഈ സിനിമയിലാണ്. കോവിഡ് കാരണം റിലീസ് നീണ്ടുപോകുകയായിരുന്നു.
പ്രാധാന്യമുള്ള നായിക
വെറുതെ ഒരു കഥാപാത്രമായല്ല സംവിധായകൻ സിനിമയിലേക്ക് വിളിച്ചത്. നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ്. ആദ്യമായി നായികയാകുന്ന സിനിമയിൽ നല്ലൊരു റോൾ കിട്ടുന്നത് സ്വപ്നതുല്യമാണ്. നിഴലാണ് ശ്രദ്ധ നേടിത്തന്ന ചിത്രമെങ്കിലും ഇതുവരെ ചെയ്തതിൽ ഏറ്റവും ആവേശത്തോടെയുള്ള കാത്തിരിപ്പാണ് “കർണൻ നെപ്പോളിയൻ ഭഗത്സിംഗി’നുവേണ്ടിയുള്ളത്. പ്രേക്ഷകരുടെ പ്രതികരണം അറിയാൻ താൽപ്പര്യമുണ്ട്.
ത്രില്ലർ സിനിമ
ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണിത്. കൽക്കി ഫെയിം ധീരജ് ഡെന്നി നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ് രാജ്, എൽദോ മാത്യു, അൽത്താഫ് സലിം തുടങ്ങിയവരും അഭിനയിക്കുന്നു.
ടൊവിനോയുടെ നായിക
ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രമാണ് അടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡാർവിൻ കുര്യാക്കോസാണ്. ‘മുത്തുമണി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിഴലിലെ അഭിനയം കണ്ടാണ് സംവിധായകൻ വിളിക്കുന്നത്. ഓഡിഷൻ കഴിഞ്ഞതിനുശേഷം എന്നെ തെരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ആഹ്ലാദമാണ്. മറ്റൊരു തമിഴ് സിനിമയും പുറത്തിറങ്ങാനുണ്ട്. ഒരു തെലുഗു സിനിമയുടെ ചർച്ച നടക്കുന്നു.