കണ്ണൂർ > കുഞ്ഞുധീരജിനായി താരാട്ടെഴുതിയ ആ കൈകൾ വിറച്ചു, പൊന്നുമോന് ചരമഗീതം എഴുതുമ്പോൾ. കടലാസിൽ ഇറ്റുവീണ കണ്ണീർത്തുള്ളികളിൽ അക്ഷരം കലങ്ങിയില്ല. ഒരച്ഛന്റെ ഉള്ള് ഉരുകിയുതിർന്ന കരുത്തുണ്ടായിരുന്നു ആ വരികൾക്ക്. കണ്ണീരാൽ പൊള്ളിയ ആ കനല് ഇനിയൊരു കവിതയാണ്, നോവുകൊണ്ടെഴുതിയ കവിത.
ധീര രക്തസാക്ഷി ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ എഴുതിയ വരികൾ കാലം അടയാളപ്പെടുത്തുകയാണ്. കെഎസ്യു, യൂത്ത് കോൺഗ്രസ് അക്രമിസംഘം കുത്തിക്കൊന്ന മകന്റെ ഓർമകളിൽ നീറുന്ന അച്ഛന്റെ ഹൃദയവേദനയാണ് കവിതയായത്. ഓമനിച്ചു വളർത്തിയ മകൻ ചേതനയറ്റ് കൺമുന്നിൽ കിടന്നത് അച്ഛന്റെ കണ്ണിൽനിന്ന് മായുന്നില്ല. ഒരിക്കലും തിരിച്ചുവരാത്ത പൊന്നു മകന്റെ ഓർമകളുമായി ആ അച്ഛൻ കൊലയാളികളോട് ചോദിക്കുന്നു- എന്തിനാ ഹൃദയം കവർന്നു. മകനോട് പറയുന്നു- കുത്തേറ്റത് നിൻ ഹൃദയത്തിലെങ്കിലും തകർത്തത് ഞങ്ങളുടെ ഹൃദയവും സ്വപ്നവുമല്ലേ…
‘താരാട്ടുപാട്ടെഴുതിയൊരെൻ ഹൃദയത്തിൽനിന്നും ദുഃഖത്തിൻ, വേദന തൻ വരികൾ എഴുതാൻ ഇടയായല്ലോ എന്ന് തീരാനോവോടെ എഴുതുന്നു. പൊന്നു മകനേ നിന്നോർമകളിൽ അണയാത്ത കത്തിയെരിയുന്ന കനലാണെൻ ഹൃദയം, തരുവാനാവുകയില്ല ഒരാശ്വാസവും എൻ മനസിനെന്ന് അദ്ദേഹം പറയുമ്പോൾ മകന്റെ വിയോഗത്തിൽ അച്ഛന്റെ വേദനകളാണ് ആഴ്ന്നിറങ്ങുന്നത്. കുടുംബത്തിന്റെയാകെ പ്രതീക്ഷയായി പഠിക്കാനിറങ്ങിപ്പോയ മകനെ കൊന്നുതള്ളിയവർ കേൾക്കണം നിസ്സഹായനായ ഈ അച്ഛന്റെ വിലാപം.