കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു.
ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രതികൾ രാവിലെ ഒൻപത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി.
രാത്രി എട്ടുവരെ ചോദ്യംചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ വ്യാഴാഴ്ച മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.
അതുവരെ പ്രതികളെ അറസ്റ്റുചെയ്യുന്നതിന് കോടതിയുടെ വിലക്കുണ്ട്. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹാജരാകേണ്ടത്.
പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കണം. അന്വേഷണം തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുത്. അങ്ങനെയുണ്ടായാൽ ഇപ്പോഴുള്ള സംരക്ഷണം റദ്ദാക്കപ്പെടുമെന്നും കോടതി ദിലീപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇക്കാര്യം ദിലീപിനോട് പ്രത്യേകം പറയണമെന്ന് അഭിഭാഷകനോട് നിർദേശിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കാൻ ഹൈക്കോടതി ശനിയാഴ്ച പ്രത്യേകം സിറ്റിങ് നടത്തി.
അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില രേഖകൾ അലോസരപ്പെടുത്തുന്നതാണ്. നിലവിൽ ലഭിച്ച തെളിവുകൾ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. മുൻകൂർ ജാമ്യഹർജി നൽകിയ ആലുവ സ്വദേശി ശരതിനെ കേസിൽ പ്രതിയാക്കിയിട്ടില്ലാത്തതിനാൽ ജാമ്യഹർജി 27-നു പരിഗണിക്കാൻ മാറ്റി.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്. പ്രോസിക്യൂഷന്റെ പരാജയം മറയ്ക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്നാണ് ദിലീപിന്റെ വാദം. എന്നാൽ, ഗൂഢാലോചന തെളിയിക്കുന്ന വീഡിയോയും ഓഡിയോയും അടക്കമുള്ള തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.