ന്യൂഡൽഹി
യുപിയിൽ താൻ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്നു പറഞ്ഞത് തമാശയെന്ന് പ്രിയങ്ക ഗാന്ധി. മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിക്കുന്നതിൽ ദേഷ്യം പിടിച്ചാണ് ഇങ്ങനെ പറഞ്ഞത്. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല. യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. ഉത്തരവാദിത്വം തനിക്കാണെന്നും പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ചോദ്യത്തിന് തന്റെ മുഖമല്ലാതെ മറ്റാരെയെങ്കിലും കാണുന്നുണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതോടെ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ വാർത്ത പ്രചരിച്ചു. യുപിയിൽ രണ്ടക്കം കടക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ പ്രചാരണം പ്രതിഛായക്ക് ദോഷമാകുമെന്ന് മനസ്സിലാക്കിയാണ് തിരുത്ത്.
മത്സരിക്കുന്ന കാര്യത്തിൽ പ്രിയങ്ക ഇനിയും വ്യക്തത വരുത്തിയിട്ടില്ല. മത്സരിച്ചേക്കുമെന്ന് ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കോൺഗ്രസ് നേതൃത്വത്തിലേക്ക് നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ആരു വന്നാലും സന്തോഷമെന്ന് പ്രിയങ്ക പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം. എന്നാൽ, രാഹുൽ അധ്യക്ഷനാകണം എന്നാണ് വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്. നേതൃപ്രശ്നത്തിന് പരിഹാരമാകുന്നതുവരെ ഉപദേശക റോളിൽനിന്ന് രാഹുലിന് മാറാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു.