ന്യൂഡൽഹി
ഗോവയിൽ കൂട്ട കൂറുമാറ്റം തടയാൻ ‘പ്രതിജ്ഞാ’ തന്ത്രവുമായി കോൺഗ്രസ്. ഇതുവരെ പ്രഖ്യാപിച്ച 36 സ്ഥാനാർഥികളെയും അമ്പലത്തിലും പള്ളിയിലും എത്തിച്ച് ജയിച്ചാൽ കൂറുമാറില്ലെന്ന് പ്രതിജ്ഞ എടുപ്പിച്ചു. മുതിർന്ന നേതാവ് പി ചിദംബരം, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു, ദിഗംബർ കാമത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞ. എംഎൽഎമാരെ അടർത്തിമാറ്റാൻ ഒരു പാർടിയെയും അനുവദിക്കില്ലെന്ന് കാമത്ത് പറഞ്ഞു. എല്ലാവരും ദൈവഭയമുള്ളവരാണ്.
ഇവർ ഇനി കൂറുമാറില്ലെന്നും കാമത്ത് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40ൽ 17 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസാണ്. എന്നാൽ, എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിമാറ്റി ബിജെപി സർക്കാർ രൂപീകരിച്ചു. 17 കോൺഗ്രസ് എംഎൽഎമാരിൽ 15 പേരും കൂറുമാറി. പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത് അടക്കം രണ്ടുപേർ മാത്രമാണ് ശേഷിച്ചത്.
ഇക്കുറിയും മറുകണ്ടം ചാടൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രതിജ്ഞ. കഴിഞ്ഞതവണ നാൽപ്പത് അംഗ നിയമസഭയിൽ 24 പേർ ബിജെപിയിലേക്കു കൂറുമാറിയിരുന്നു.