പാലക്കാട്
അകത്തേത്തറ ഉമ്മിനിയിലെ പാറമടയ്ക്ക്സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനിയാഴ്ച പകലാണ് പാറമടയിലെ ജലസംഭരണിക്കു സമീപം വലുതും ചെറുതുമായ പുലികളുടെ കാൽപ്പാടുകൾ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. പുലിസാന്നിധ്യം ഉണ്ടാകാനിടയുള്ള സ്ഥലമായതിനാൽ ക്യാമറ സ്ഥാപിച്ചു. സമീപത്ത് റബർ തോട്ടമുണ്ട്.
പാറമടയിലേക്ക് ഇവിടെനിന്ന് ചെറിയ ദൂരം മാത്രമേയുള്ളു. ഇതുവഴിയാകണം പുലിയെത്തിയതെന്ന് സംശയിക്കുന്നു. സ്ഥിരമായി കാട്ടുപന്നി സാന്നിധ്യമുള്ള പ്രദേശമാണിത്. രണ്ടുദിവസം മുമ്പ് ഉമ്മിനി വൃന്ദാവൻ നഗറിൽ പകൽസമയത്ത് പുലിയിറങ്ങിയിരുന്നു. നായയെ ആക്രമിച്ച ഇവിടെ കെണിക്കൂടും ക്യാമറയും സ്ഥാപിച്ചു. ഈമാസം ഒമ്പതിനാണ് ഇവിടെ പുലിസാന്നിധ്യം സ്ഥിരീകരിച്ചത്.
പപ്പാടിയില്നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയപ്പോള്‍ മറ്റൊരു കുഞ്ഞിനെ തൃശൂർ വടക്കാഞ്ചേരി അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ പുലിയിറങ്ങി. ആളൊഴിഞ്ഞ പ്രദേശങ്ങളിൽ നായ്ക്കളുടെ അസ്ഥികൂടം ലഭിച്ചപ്പോൾ വനംവകുപ്പും നാട്ടുകാരും പുലിയുടെ സാന്നിധ്യം ഉറപ്പിച്ചു. കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ കുടുങ്ങിയില്ല. മലമ്പുഴ ചീക്കുഴി, മലമ്പുഴ ജയിൽ പരിസരം, ചെറാട് എന്നിവിടങ്ങളിലും പുലിയിറങ്ങാറുണ്ട്.