കൊൽക്കത്ത
ഇന്ത്യൻ ഫുട്ബോളിൽ കളിക്കാരനായും പരിശീലകനായും തിളങ്ങിയ സുഭാഷ് ഭൗമിക് (72) കൊൽക്കത്തയിൽ അന്തരിച്ചു. വൃക്കരോഗത്തിന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശനി പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം.
ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലമായ എഴുപതുകളിൽ മുന്നേറ്റനിരയിലെ പ്രധാന താരമായിരുന്നു. 1970–-1985 കാലത്ത് ദേശീയകുപ്പായത്തിൽ 69 തവണ ഇറങ്ങി 50 ഗോളടിച്ചു. 1970ലെ ബാങ്കോക് ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും കളിച്ചു. ഈ ക്ലബ്ബുകളുടെ പരിശീലകനായും പിന്നീടെത്തി. ഈസ്റ്റ് ബംഗാളിനെ 2003ൽ ആസിയാൻ ക്ലബ് കപ്പ് ജേതാക്കളാക്കിയതാണ് പ്രധാന നേട്ടം.