കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. വിചാരണ കോടതിയിൽ സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷൻചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചത്.
സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്നതരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാൽ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാൽ വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയിൽ വിമർശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി എ ഷാജിയാണ് എതിർവാദം നടത്തുന്നത്.
ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമം നടത്തുന്നു. സാക്ഷി പറയാൻ പോയ 22 പേരിൽ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുന്നു. ഇതിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഢാലോചനക്ക് അപ്പുറത്തേക്ക് അപായപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിക്ക് മുൻപാകെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
അങ്ങനെയെങ്കിൽ ഇതിൽ അന്വേഷണം ആവശ്യമില്ലേയെന്നും വസ്തതുതകൾ പുറത്ത് വരേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. കേസിന്റെ വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുൻ വിധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഗൂഡാലോചന, പ്രേരണക്കുറ്റം എന്നിവ നിലനിൽക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. എന്നാൽ ഗൂഡാലോചന കുറ്റം നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഡാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയാണ് നടത്തിയത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
Content Highlights: Actress assault case – government against trial court in HC