കാസർകോട് > സിപിഐ എമ്മിനെതിരായ മാധ്യമങ്ങളുടെ മറ്റൊരു നുണപ്രചാരണം കൂടി പൊളിയുന്നു. സിപിഐ എം ജില്ലാ സമ്മേളനവുമായി കാസർകോട് ജില്ലാ കലക്ടർ സ്വാഗത് ആർ ഭണ്ഡാരി അവധിയുമായി ബന്ധപ്പെടുത്തി മാധ്യമങ്ങൾ നടത്തിയ പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു.
വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം 15ന് തന്നെ കലക്ടർ അവധിക്കായി അപേക്ഷ നൽകുകയായിരുന്നു. കുടുംബസമേതം ജന്മനാടായ മുംബൈയിലേക്ക് പോകുന്നതിനായാണ് കലക്ടർ അവധി അപേക്ഷ നൽകിയത്. ഭർത്താവും കുട്ടികളും യാത്രയിൽ ഒപ്പമുള്ളതായും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ജില്ലാ കലക്ടർ അവധിയിൽ പ്രവേശിച്ചതിന് പിന്നിൽ സിപിഐ എം ജില്ലാ സമ്മേളനവുമായി ബന്ധമുണ്ടെന്ന് രീതിയിലാണ് മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചത്. ഈ നുണ പ്രചാരണമാണ് ഇപ്പോൾ തകർന്ന് വീഴുന്നത്.
ഈ മാസം 15ന് തന്നെ കളക്ടര് അവധിക്കായി അപേക്ഷ നല്കിയിരുന്നെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് സ്ഥിരീകരിച്ചു. കലക്ടറുടെ ചുമതലയേറ്റെടുക്കാന് ഒരാഴ്ച മുമ്പ് അറിയിപ്പ് ലഭിച്ചതായി എഡിഎം എ കെ രാമചന്ദ്രനും വ്യക്തമാക്കി.
കാസർകോട് ജില്ലയിൽ പൊതുപരിപാടികർ വിലക്കി കലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചു. ഇത് സിപിഐ എം ജില്ലാ സമ്മേളനം നടക്കുന്നതിനാലാണെന്നും സിപിഐ എം കലക്ടറിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണിതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരോപണം തള്ളി കലക്ടർ തന്നെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലയിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ ഹൈക്കോടതി വിലക്കിയത്. കലക്ടർ അവധിയിൽ പോകുന്നത് ഈ പശ്ചാത്തലത്തിലാണെന്നാണ് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു വാർത്തകൾ.