കാസർകോട്ട്: ബദിയഡുക്ക കിളിങ്കാറിലെ നാട്ടുകാർക്ക് സായിറാം ഭട്ട് എക്കാലും കൺകണ്ട ദൈവമായിരുന്നു. ഏതുസമയത്തും ആർക്കും എന്തു സഹായവും ഓടിച്ചെന്ന് ചോദിക്കാം. തങ്ങളുടെ കഷ്ടപ്പാടും ദുരിതവുമെല്ലാം സായിറാം പരിഹരിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു ആളുകൾക്ക്. ഒരു മനുഷ്യായുസ്സിൽ ചെയ്യാവുന്നതിന്റെ പരമാവധി സഹായങ്ങൾ പാവപ്പെട്ടവർക്കായി ചെയ്ത് 84-ാം വയസിൽ സായിറാം യാത്രയാതോടെ കിളിങ്കാറിലെ നാട്ടുകാരും തീരാദുഖത്തിലാണ്.
അത്രയൊന്നും സമ്പന്നനല്ലാതിരുന്ന സായിറാം കൃഷിയിൽ നിന്ന് അധ്വാധിച്ചുകിട്ടുന്ന തുകയിൽ നിന്നാണ് സാധുക്കൾക്കളുടെ കണ്ണീരൊപ്പിയത്. സ്വന്തമായി വീടില്ലാത്തവർക്കും വീട് നഷ്ടപ്പെട്ടവർക്കുമായി 260ലധികം വീടുകളാണ് സായിറാം നിർമിച്ച് നൽകിയത്. ഇതിനെല്ലാം പണം കണ്ടെത്തിയതാകട്ടെ പാടത്തെ കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് മാത്രവും. തനിക്ക് മണ്ണ് തരുന്നതിൽ നിന്ന് താൻ മറ്റുള്ളവർക്ക് മണ്ണിൽ കുരകളൊരുക്കുന്നുവെന്നാണ് സായിറാം പറയാറ്.
കൃഷിയിൽ നിന്നുള്ള വരുമാനം മാത്രം ഉപയോഗിച്ച് വീടുകൾ നിർമിച്ച് നൽകുന്നത് സാമ്പത്തികമായി വലിയ ബാധ്യതയേ ആയിരുന്നില്ല സായിറാമിന്. നിർമാണം പൂർത്തിയാക്കി വീടുകളുടെ താക്കോൽ കൈമാറുമ്പോൾ ഉടമയുടെ മുഖത്തുണ്ടാകുന്ന സന്തോഷം മാത്രമായിരുന്നു സായിറാമിനുള്ള പ്രതിഫലം. വീടുകൾ വെച്ചുനൽകാൻ സാമ്പത്തിക സഹായത്തിനായി ആരുടെയും മുന്നിലും കൈനീട്ടിയിട്ടില്ല. സഹായവുമായി വരുന്നവരെ സ്നേഹപൂർവം മടക്കിഅയക്കുന്നതായിരുന്നു ശീലം.
താൻ പണികഴിപ്പിച്ച വീടുകൾ കാണാൻ വരുന്നവരെയും സായിറാം ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. അത് വീട് ലഭിച്ചവരിൽ ആത്മനിന്ദയും നാണക്കേടുമുണ്ടാക്കുമെന്ന് സായിറാം വിനയപൂർവം പറയും. താൻ സഹായം നൽകിയ ആരുടേയും പേരും സായിറാം വെളിപ്പെടുത്താൻ ഒരുക്കമല്ല. അത് അവർക്കും തനിക്കുമിടയിലെ രഹസ്യമായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കിളിങ്കാർ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ടിന്റെ ജനനം. കൃഷിക്ക് പുറമേ പാരമ്പര്യ വൈദ്യവമായിരുന്നു പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്. അമ്പതു വയസ്സു പിന്നിട്ടപ്പോഴാണ് സായിറാം ഭട്ട് വീടില്ലാത്തവർക്ക് താങ്ങായിത്തുടങ്ങിയത്.
1995ൽ കാലവർഷത്തിൽ വീട് നഷ്ടപ്പെട്ട നാട്ടുകാരനായ അബ്ബാസിന് വീടു നിർമിച്ചു നല്കിയായിരുന്നു കാരുണ്യവഴിയുടെ തുടക്കം. ഓലമേഞ്ഞ കൂര കാറ്റത്ത് പാറിപ്പോയെന്ന് പറഞ്ഞ് വീടിന് മുന്നിൽ വന്ന് കരഞ്ഞ അബ്ബാസിനോട് പുതിയ വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പുനൽകാൻ സായിറാമിന് അധികം ആലോചിക്കേണ്ടി വന്നില്ല. എന്നാൽ അത്രയധികം പണം അന്ന് സായിറാമിന്റെ കൈവശമുണ്ടായിരുന്നില്ല. അതിനാൽ തീർഥാടനത്തിനായി സ്വരൂപിച്ച പണമെടുത്തായിരുന്നു ആദ്യത്തെ വീടു നിർമിച്ചതും താക്കോൽ അബ്ബാസിനെ ഏല്പിച്ചതും.
സ്വന്തം വീടു നിർമിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് സായിറാം 260ലധികം വീടുകളും നിർമിച്ചത്. നിർമാണ സമയത്ത് ഗുണമേന്മ ഉറപ്പുവരുത്താൻ പറ്റാത്തതിനാൽ കുറഞ്ഞ ആയുസ്സേ വീടുകൾക്ക് ഉണ്ടായുള്ളൂ. അത് മനസ്സിലാക്കിയതോടെ നിർമാണച്ചുമതല മറ്റാരെയും ഏല്പിക്കാതായി. നിർമാണസാമഗ്രികൾ സ്വയം തിരഞ്ഞെടുത്ത് തൊഴിലാളികളോടൊപ്പം നേരിട്ടുനിന്ന് വീട് പണിയും. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസ്സിലാക്കിലാക്കിയായിരുന്നു ഓരോ വീടുകൾ സായിറാം നിർമിച്ച് നൽകിയത്.
വീട് നിർമാണത്തിന് പുറമേ മറ്റനേകം നിരവധി കുടിവെള്ളപദ്ധതികൾ, 100ലധികം വീടുകളുടെ വൈദ്യുതീകരണം, വീട് വെക്കാൻ ഭൂമി, സ്കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളും സായിറാമിന്റെ പരോപകാര പ്രവർത്തന മേഖലകളായിരുന്നു. കിളിങ്കാറിലെ സായി മന്ദിരത്തിൽ മാസംതോറും മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ഉത്തരകേരളത്തിലേയും ദക്ഷിണ കർണാടകയിലേയും വിദഗ്ധരായ ഡോക്ടർമാരും രോഗികളെ ചികിത്സിക്കാനെത്തും. സായിറാം നടത്തിയ സമൂഹ വിവാഹങ്ങൾ എത്രയെന്ന് കണക്കില്ല. രണ്ട് ലക്ഷത്തിലേറേ പേർക്ക് സൗജന്യ ചികിത്സയും നൽകി.
സ്വാർഥതയും വിദ്വേഷവും സമൂഹത്തിലേക്ക് വേലിയേറ്റം ചെയ്യുമ്പോൾ നന്മയിലും സ്നേഹത്തിലുമാണ് ദൈവം ഇരിക്കുന്നതെന്ന് കർമ്മം കൊണ്ട് കാട്ടിതന്ന വ്യക്തിയായിരുന്നു സായിറാം.
content highlights:sairam bhat who donate more than 260 houses to poor people