തിരുവനന്തപുരം> സംസ്ഥാനത്തെ നഗരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളായ മാലിന്യ സംസ്‌കരണവും സാനിറ്റേഷൻ പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ.
മാലിന്യ നിർമ്മാർജ്ജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മാനവ വിഭവശേഷിയും സാങ്കേതിക വിദ്യകളും ഉപദേശ നിർദേശങ്ങളും നൽകി ചുമതലകൾ നിർവഹിക്കാൻ നഗരസഭകളെ പ്രാപ്തമാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ ഖരമാലിന്യ പരിപാലന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയാണ് പദ്ധതി മുന്നോട്ടുപോവുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ തലങ്ങളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ് ബാങ്കും സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ അടങ്കൽതുകയായ 2100 കോടിയുടെ 50 ശതമാനവും നഗരസഭകൾക്ക് നേരിട്ട് ലഭ്യമാവും. അതിന്റെ 40 ശതമാനം നഗരസഭകൾക്ക് കൈമാറാനുള്ള പ്രാരംഭനടപടികളുമായി മുന്നോട്ടുപോവുകയാണ്. പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചുകൊണ്ട് 93 നഗരസഭകളും ശുചിത്വമിഷനുമായി ഉടമ്പടി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങൾക്കും അഞ്ചുവർഷത്തെ ഖരമാലിന്യ പരിപാലന പദ്ധതികൾ തയ്യാറാക്കാനുള്ള സഹായവും ബഹുവർഷ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ആവശ്യമായ ഉപദേശങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.
പാരിസ്ഥിതിക സാമൂഹിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് പരിസ്ഥിതിക്ക് യാതൊരുവിധ ആഘാതവുമുണ്ടാക്കാതെയാണ് പദ്ധതി നടപ്പിലാക്കുക. വികേന്ദ്രീകൃത -കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി മേഖലാ തലത്തിൽ സൃഷ്ടിക്കുന്ന കേന്ദ്രീകൃത മാലിന്യ പരിപാലന കേന്ദ്രങ്ങളുടെയും സാനിറ്ററി ലാൻഡ്ഫിൽ സൈറ്റുകളുടേയും നിർമ്മാണ മേൽനോട്ട ചുമതലകൾ ശുചിത്വ മിഷനായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും മാലിന്യ ബാങ്കുകളും വേസ്റ്റ് ട്രേഡ് സെന്ററുകളും ആരംഭിക്കും. ഇ -വേസ്റ്റ്, കെട്ടിടങ്ങൾ പൊളിക്കുമ്പോഴുള്ള മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാനും സംവിധാനമൊരുക്കും.
നഗരങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിൽ വർഷങ്ങളായി സംസ്‌കരിക്കാതിരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ ബയോമൈനിംഗ് നടത്തി സംസ്‌കരിക്കും. കൊച്ചി ബ്രഹ്മപുരത്ത് ഇതിന്റെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ മോഡൽ തുംബൂർമുഴി മാലിന്യ പരിപാലന സംവിധാനം പോലുള്ള മാതൃകകൾ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വരുന്ന മാർച്ച് മാസത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി പൂർണ്ണസജ്ജമായി പ്രവർത്തിക്കുമെന്നും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം വൈകാതെ കൈവരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.